പൂക്കളുടെ റോമന്‍ ദേവതയായ ഫ്ളോറയുടെ ഉത്സവം കൊണ്ടാടുന്നത് മെയ് 1-നാണ്.
മഞ്ഞുകാലം കഴിഞ്ഞ് വെയില്‍ തുടങ്ങുന്ന മെയ് 1-ന് മധുരപലഹാരങ്ങളും പൂക്കളും നിറച്ച മെയ് ബാസ്ക്കറ്റുകള്‍ വിതരണം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു.
നൂറ്റാണ്ടുകളായി പല രാജ്യങ്ങളിലും മെയ് ദിവസം ഉത്സവദിനമായിട്ടാണ് ആചരിച്ചിരുന്നത്.
ഈ ദിവസത്തിനു മുമ്പ് പാടത്തെ വിത്തുവിതയ്ക്കലെല്ലാം അവസാനിക്കുമായിരുന്നു.
അങ്ങനെ ഒരു ദിവസം തൊഴിലാളികള്‍ക്ക് അവധി ലഭിക്കുമായിരുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ രാജാവായിരുന്ന ചാള്‍സ് ഒമ്പതാമന്‍ താഴ്വരയില്‍ നിന്നുള്ള ലില്ലിപ്പൂക്കള്‍ വസന്തകാലത്തിന്‍റെ ആരംഭസൂചകമായി കൊട്ടാരത്തിലുള്ളവര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു.
ഇടയ്ക്ക് നിന്നുപോയ ഈ ആചാരം ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ പുനരാരംഭിച്ചു.
ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ലില്ലിപ്പൂക്കള്‍ക്ക് നികുതി ചുമത്തിയില്ല.
ചൂടു നിറഞ്ഞ കാലാവസ്ഥയുടെ തിരിച്ചുവരവായി മെയ് ദിനത്തെ കൊണ്ടാടുമായിരുന്നു.
പണ്ട് ചൂട് കായാനുള്ള ഇലക്ട്രിക് ഉപകരണങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ.
തണുപ്പിനെ ചെറുക്കാനുള്ള മെച്ചപ്പെട്ട സംവിധാനങ്ങള്‍ വാങ്ങാനുള്ള പണവും സാധാരണ ആളുകള്‍ക്കുണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ പ്രകൃതിയിലെ വേനലിന്‍റെ വരവിനെ ജനങ്ങള്‍ സന്തോഷത്തോടെ എതിരേറ്റു.
ഇംഗ്ലണ്ടിലെ ആളുകള്‍ മെയ്ദിനത്തില്‍ കാട്ടുപൂക്കള്‍ ശേഖരിച്ച് വീട് അലങ്കരിക്കുമായിരുന്നു.
അന്നേദിവസം രാവിലെ മഞ്ഞുതുള്ളികള്‍ കൊണ്ട് മുഖം കഴുകിയാല്‍ പെണ്‍കുട്ടികള്‍ സുന്ദരികളാകുമെന്നൊരു വിശ്വാസവുമുണ്ടായിരുന്നു.
മെയ്ദിനത്തില്‍ മരങ്ങളെയും ആരാധിച്ചിരുന്നു.
ഇംഗ്ലണ്ടില്‍ മെയ് രാജ്ഞിയെ നിര്‍മ്മിച്ച് കിരീടമണിയിച്ച ശേഷം മരത്തിന്‍റെ കൊമ്പുവെട്ടി മെയ്പോള്‍ ഉണ്ടാക്കുന്നു.
സ്പെയിനില്‍ പൈന്‍മരക്കൊമ്പിനെയാണ് മെയ്പോളാക്കുന്നത്.
റിബണുകളും മുത്തുകളും മുട്ടത്തോടുകളും കൊണ്ട് മരക്കൊമ്പിനെ അലങ്കരിക്കുന്നു.
എന്നിട്ട് അതിനു ചുറ്റും മെയ് ഗീതങ്ങള്‍ പാടി നൃത്തം ചെയ്യുന്നു.
നോര്‍വേയിലെ രസകരമായ ഒരു വിശ്വാസത്തെപ്പറ്റി പറയാം. മെയ് 1-ന് കുയില്‍ പാടുന്നതു കേട്ടാല്‍ ആ ശബ്ദം കേട്ടത് തെക്കുഭാഗത്തു നിന്നാണെങ്കില്‍ ആ വര്‍ഷം ശുഭകരവും വടക്കുഭാഗത്തു നിന്നാണെങ്കില്‍ നിര്‍ഭാഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
പടിഞ്ഞാറ് ഭാഗത്തു നിന്നാണ് കുയില്‍നാദം കേള്‍ക്കുന്നതെങ്കില്‍ വിജയവും കിഴക്കു ഭാഗത്തു നിന്നാണ് കേള്‍ക്കുന്നതെങ്കില്‍ ഭാഗ്യവും ഉണ്ടാകും.
നോര്‍വീജിയന്‍ കലണ്ടറുകളില്‍ മെയ് 1-നെ സൂചിപ്പിക്കാന്‍ മരക്കൊമ്പിലിരിക്കുന്ന പക്ഷിയുടെ ചിത്രം വരച്ചിട്ടുണ്ടാകും.