മഴക്കാലമായതിനാല്‍ ജില്ലയില്‍ മഞ്ഞപിത്തരോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഹെപ്പറ്റൈറ്റീസ് – എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്.
വളരെ പെട്ടന്ന് തന്നെ ഈ രോഗം മറ്റുളളവരിലേക്ക് പകരുന്നു.
ഹെപ്പറ്റൈറ്റീസ് – എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.
ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്നു.
ഇതിനാല്‍ മഞ്ഞനിറത്തിലുളള ബിലിറൂബിന്റെ അംശം രക്തത്തില്‍ കൂടുകയും മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം, ഉരുണ്ടനിറത്തിലുളള മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തിലൂടെയും, രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഈ രോഗം പകരുന്നത്.
ലക്ഷണങ്ങള്‍ നോക്കിയും ലാബ് പരിശോധനയിലൂടെയും മഞ്ഞപ്പിത്തരോഗം സ്ഥിരീകരിക്കാന്‍ സാധിക്കും.
സാധാരണഗതിയില്‍ ഒരാഴ്ചകൊണ്ട് മാറുന്നതാണ്.
വളരെ കുറച്ച് വ്യക്തികള്‍ക്ക് മാത്രമെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുളള ചികിത്സ ആവശ്യമായി വരികയുളളു.
പ്രതിരോധമാര്‍ഗ്ഗങ്ങള്‍
പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.
കുട്ടികളുടെ മലം കക്കൂസില്‍ മാത്രം സംസ്‌ക്കരിക്കുക.
ഛര്‍ദ്ദി ഉണ്ടെങ്കില്‍ കക്കൂസില്‍ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
കുടിവെളള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. (1000 ലിറ്റര്‍ വെള്ളത്തിന് (ഒരു റിംഗ്) 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്ന അനുപാതത്തില്‍)
ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുതിനും മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റ് കഴുകി അണുവിമുക്തമാക്കുക.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടിവെയ്ക്കുക.
തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക.
തിളപ്പിച്ചാറിയ വെളളത്തില്‍ പച്ചവെളളം കലര്‍ത്തി ഉപയോഗിക്കാതിരിക്കുക.
രോഗബാധിതരായവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക.
രോഗലക്ഷണങ്ങള്‍ ഉളളവര്‍ മറ്റുളളവരുമായി ഇടപഴകാതിരിക്കുക, ഭക്ഷണം പങ്കു വയ്ക്കാതിരിക്കുക.
ഹെപ്പറ്റൈറ്റീസ് ബാധയുള്ള വ്യക്തിയെ പരിചരിക്കുന്നതിനായി ഏതെങ്കിലും ഒരു കുടുംബാംഗത്തെ മാത്രം ചുമതലപ്പെടുത്തുക.
പരിചരിക്കുന്ന വ്യക്തി ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതും മറ്റുള്ളവരുമായുള്ള ഇടപെടലുകള്‍ നിയന്ത്രിക്കേണ്ടതുമാണ്.
രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണി എന്നിവ മറ്റുളളവര്‍ ഉപയോഗിക്കാതിരിക്കുക.
രോഗി ഉപയോഗിച്ച വസ്തുക്കള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും പുന:രുപയോഗമുളള തുണി, പാത്രങ്ങള്‍ എന്നിവ അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുകയും ചെയ്യുക.
(അണു നശീകരണത്തിനായി 0.5% ബ്ലീച്ചിങ് ലായനി ഉപയോഗിക്കാവുന്നതാണ്. 15 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്)
മഞ്ഞപിത്തം മൂലമുളള പനി മാറുന്നതിനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം പാരസെറ്റമോള്‍ ഗുളിക കഴിക്കുക.
സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ സ്വീകരിക്കാതിരിക്കുക.
ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക.
സ്വയം ചികിത്സ അരുത്.
പരിശോധനയും ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.