ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ മഴക്കാലപൂർവ്വ ശുചീകരണങ്ങൾക്കായി മുന്നിട്ടിറങ്ങി.
ഇപ്പോൾ കളക്ടറേറ്റ് വീണ്ടും ക്ലീന്‍.
മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിലേക്കുള്ള ജില്ലയുടെ ചുവടുവെയ്പ്പിന് കരുത്ത് പകര്‍ന്നാണ് രാവിലെ തന്നെ ജീവനക്കാര്‍ ഒരേ മനസ്സോടെ ഓഫീസ് മുറികള്‍ വിട്ട് മണ്ണിലിറങ്ങിയത്.
രാവിലെ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടു.
എല്ലാ ഓഫീസുകളില്‍ നിന്നുമുള്ള ജീവനക്കാര്‍ ഒരുമിച്ചിറങ്ങിയതോടെ മണിക്കൂറുകള്‍ക്കകം കലക്ടറേറ്റും പരിസരവും വൃത്തിയായി.
കളക്ടര്‍ തന്നെ മുന്നിട്ടിറങ്ങിയതോടെ ജീവനക്കാര്‍ക്ക് ആവേശമായി.
ഒരു ദിവസത്തേക്ക് മാത്രമുള്ള ശുചീകരണ പ്രവര്‍ത്തനമല്ല, തുടര്‍ ദിവസങ്ങളിലും പരിസര ശുചിത്വം നിലനിര്‍ത്തി കൊണ്ടുപോകണമെന്നും ജോലി ചെയ്യാന്‍ വൃത്തിയുള്ള അന്തരീക്ഷമൊരുക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.
സിവില്‍സ്റ്റേഷന്‍ പരിസരത്തെ കാട് വെട്ടിത്തെളിക്കല്‍, മാലിന്യം നീക്കംചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണു നടന്നത്.
ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ജില്ലയിലെ മറ്റ് ഓഫീസുകളിലും വീടുകളിലും സ്ഥാപനങ്ങളിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടരണമെന്ന് കളക്ടർ അറിയിച്ചു.
ഡെങ്കി അടക്കമുള്ള പകർച്ചവ്യാധിൾക്കെതിരെ ജാഗ്രത പുലർത്തുകയും വേണം.