വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും, കൊതിയൂറുന്നതുമായ ചട്ടിപ്പത്തിരി തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ….
ചേരുവകൾ :-
1.മൈദ – രണ്ട് കപ്പ്
2.മുട്ട – 1+12
3.ഉപ്പ് – പാകത്തിന്
4.കശുവണ്ടി – 100 ഗ്രാം
5.കിസ്മിസ് – 100 ഗ്രാം
6.കസ്സ്കസ്സ് – 25 ഗ്രാം
7.പഞ്ചസാര – ഒരു കപ്പ്
8.ഏലയ്ക്ക (പൊടിച്ചത്) – ഒരു നുള്ള്
9.നെയ്യ് – 200 ഗ്രാം
10.ചുവന്നുള്ളി – നാല്
മസാലയ്ക്കുള്ള കൂട്ട്:-
11.ചിക്കൻ – അരക്കിലോ
12.ഉപ്പ് പാകത്തിന് + മുളകുപൊടി, മഞ്ഞൾപ്പൊടി – രണ്ടു നുള്ളു വീതം
13.സവാള(നീളത്തിൽ അരിഞ്ഞത്) – ആറ് ഇഞ്ചിയും,വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത്
- രണ്ട് വലിയ സ്പൂൺ വീതം
14.മുളകുപൊടി – ഒരു ചെറിയ സ്പൂൺ
15.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
16.ഗരംമസാല – ഒരുനുള്ള്
പാകം ചെയ്യുന്ന വിധം:-
ചിക്കൻ പന്ത്രണ്ടാമത്തെ ചേരുവ പുരട്ടി അല്പസമയം വച്ചശേഷം നന്നായി വറുത്തെടുക്കുക. വറുത്ത ചിക്കൻ ചെറിയ കഷ്ണങ്ങളായി പിച്ചിക്കീറിയെടുക്കുക. എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്,എന്നിവ വഴറ്റുക. സവാള, ചുവന്നു തുടങ്ങുമ്പോൾ പതിനാലാമത്തെ ചേരുവ വഴറ്റുക. ഇതിലേക്കു പിച്ചിക്കീറി വച്ചിരിക്കുന്ന ചിക്കനും ചേർത്തു നന്നായി മൊരിച്ചു മാറ്റി വയ്ക്കുക. ഇനി മൈദ,ഒരു മുട്ട, ഉപ്പ് എന്നിവ ചേർത്തു നന്നായി കലക്കി ദോശമാവിൻ്റെ പരുവത്തിലാക്കുക. തവ ചൂടാക്കി മാവു കോരിയൊഴിച്ചു കനം കുറച്ചു പരത്തി, 10-12 ദോശ തയാറാക്കുക. ഇതാണ് ഓട്ടട.
ബാക്കി 12 മുട്ട, പഞ്ചസാര ഏലയ്ക്കാപ്പൊടി,എന്നിവ ചേർത്ത് മിക്സിയിലടിക്കുക. നെയ്യ് ചൂടാക്കി ചുവന്നുള്ളി മൂപ്പിക്കുക, ഇത് ആറിയ ശേഷം മുട്ടക്കൂട്ടിലേക്കു ചേർത്ത് അടിക്കുക. നോൺസ്റ്റിക്കിന്റെ ബിരിയാണി ചെമ്പ് എടുത്ത് (അടുപ്പിൽ വയ്ക്കരുത്) അതിൽ ആദ്യം ഒരു ഓട്ടട വയ്ക്കുക. അതിന്മീതെ മുട്ടക്കൂട്ട് ഒരു തവി ഒഴിച്ചു മെല്ലെ പരത്തുക. ഇതിനുമീതെ തയാറാക്കിയ മസാല അല്പം വിതറുക. അടുത്തനിരയിൽ കശുവണ്ടി, കിസ്മിസ് എന്നിവ വിതറുക.
ഇങ്ങനെ ഓട്ടട തീരും വരെ പല തട്ടുകളായി വയ്ക്കുക. ഏറ്റവും മീതെ കശുവണ്ടിയും കിസ്മിസും ധാരാളം വരണം. ഇങ്ങനെ നിറച്ച നോൺസ്റ്റിക് പാൻ അടച്ച് അടുപ്പത്തുവച്ച് ചെറു തീയിൽ മുക്കാൽ മണിക്കൂർ വേവിക്കണം. വെന്ത ശേഷം പാൻ തുറന്നു ചട്ടിപ്പത്തിരി തിരിച്ചിട്ടു രണ്ടു മിനിറ്റുകൂടി വേവിക്കുക. മുകൾ വശവും ചുവന്നു വരാനാണിത്. ഇത്രയും ചെയ്ത് കഴിഞ്ഞാൽ രുചികരമായ ചട്ടിപ്പത്തിരി തയ്യാർ.