വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍മാണത്തിലിരിക്കുന്ന പ്രധാന ഓഫീസ് കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.
സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് നടപടി.
ഗുണ്ടൂര്‍ ജില്ലയിലെ തടെപ്പള്ളിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഓഫീസാണ് ശനിയാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി പൊളിച്ചുനീക്കിയത്. കൈയേറ്റ ഭൂമിയിലാണ് ഓഫീസ് നിര്‍മാണം എന്നാരോപിച്ചാണ് നടപടി. സംഭവത്തിന് പിന്നില്‍ ടിഡിപിയുടെ പ്രതികാരനടപടിയാണെന്ന് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.
ഹൈക്കോടതി വിധി മറികടന്നാണ് നടപടിയെന്നും പാര്‍ട്ടി പറയുന്നു. ഒരു എകാധിപതി പാര്‍ട്ടി ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച തകര്‍ത്തെന്ന് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് നീതിയും നിയമവും ഇല്ലാതായെന്നും റെഡ്ഡി പറഞ്ഞു.
തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ടിഡിപി വ്യാപകമായി അക്രമം നടത്തുകയാണ്. ഈ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം എങ്ങനെയായിരിക്കുമെന്ന സൂചനയാണിത്. ഇതുകൊണ്ട് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പിന്തിരിയില്ല. ജനങ്ങള്‍ക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും ചന്ദ്രബാബു നായിഡുവിന്റെ ദുഷ്പ്രവര്‍ത്തികളെ എല്ലാ ജനാധിപത്യവിശ്വാസികളും അപലപിക്കാന്‍ തയ്യാറാകണമെന്നും ജഗന്‍ പറഞ്ഞു.