കാലിഫോർണിയയിൽ ഇതുവരെ വിൽക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വില കൂടിയ വീടാണ് മാലിബു മാൻഷൻ. കണ്ണട കമ്പനിയായ ഓക്ക് ലിയുടെ സ്ഥാപകൻ ജെയിംസ് ജന്നാർഡ് ആണ് തൻ്റെ മാലിബു വീട് 210 മില്യൺ ഡോളറിന് വിറ്റത്. 2012-ൽ 75 മില്യൻ ഡോളറിനാണ് ജെയിംസ് ഈ ബംഗ്ലാവ് വാങ്ങിയത്. കാലിഫോർണിയയിലെ തന്നെ ഏറ്റവും വിലയുള്ള സ്ഥലത്താണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്.
ആരാണ് വാങ്ങിയിരിക്കുന്നതെന്നുള്ള വിവരങ്ങൾ ലഭ്യമല്ല. ഡെലവെയർ ആസ്ഥാനമായുള്ള ഒരു കമ്പനി ആണെന്നാണ് കരുതുന്നത്.
ഒമ്പതര ഏക്കറിൽ പണിതിട്ടുള്ള പതിനയ്യായിരം സ്ക്വയർ ഫീറ്റ് വീടാണിത്. സമുദ്രതീരത്തു നിന്ന് 300 അടി മാറി അൽപ്പം കുന്നിൻ പ്രദേശത്താണ് വീട്. എട്ട് ബെഡ് റൂമുകളും 14 ബാത്ത് റൂമുകളും ഉണ്ട്. കൂടാതെ ഒരു ജിമ്മും രണ്ട് ഗസ്റ്റ് ഹൌസുകളും.
കാലിഫോർണിയ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും സമ്പന്നവും ഏറ്റവും ജനസംഖ്യയുള്ളതുമായ സംസ്ഥാനമാണ്. ഇവിടെ ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വലിയ അന്തരമുണ്ട്.
ഭവനങ്ങളുടെ വില ദേശീയ ശരാശരിയേക്കാൾ ഇവിടെ കുതിച്ചുയരുന്നു. അതുകൊണ്ടു തന്നെ വീട് വാങ്ങാൻ പലർക്കും കഴിയാത്ത അവസ്ഥയാണിവിടെ.