സ്കോട്ട്ലാൻഡിലെ ദ്വീപുകളായ വെസ്ട്രേയും പാപാ വെസ്ട്രേയും തമ്മിലുള്ള യാത്രയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ യാത്ര. വീടിൻ്റെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് പോകാൻ നമ്മൾ കാറിൽ പോകും അല്ലെങ്കിൽ നടന്നും പോകും. പക്ഷെ വടക്കൻ സ്കോട് ലാൻഡിലാണെങ്കിൽ ദ്വീപസമൂഹങ്ങളാണുള്ളത്. ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്ക് പോകാൻ ബോട്ടോ അല്ലെങ്കിൽ വിമാനമോ വേണം.
കടൽ ക്ഷോഭിച്ചിരിക്കുമ്പോൾ ബോട്ടിൽ യാത്ര ചെയ്യാനും സാധിക്കില്ല. അപ്പോൾ പിന്നെ വിമാനം തന്നെ ശരണം. വെസ്ട്രാ-പാപാ വെസ്ട്രാ വിമാനയാത്രയെ ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും കുറഞ്ഞ ദൈർഘ്യമുള്ള വിമാനയാത്രയായി അംഗീകരിച്ചിട്ടുണ്ട്.
1967-ലാണ് ഇവിടെ വിമാനയാത്ര ഏർപ്പെടുത്തിയത്. ലോഗാനയർ ആണ് വിമാന സർവീസ് നടത്തുന്നത്. മുൻ പറഞ്ഞ ദ്വീപുകൾ തമ്മിലുള്ള ദൂരം 1.7 മൈൽ ആണ്. അതായത് ഏകദേശം രണ്ടേമുക്കാൽ കിലോമീറ്റർ. സാധാരണ എയർപോർട്ട് റൺവേക്ക് പോലും ഇതിൽ കൂടുതൽ ദൂരമുണ്ടാകും. വിമാനത്തിൽ പൈലറ്റിനെ കൂടാതെ എട്ട് സീറ്റുകളുണ്ടാകും.
കാലാവസ്ഥ വളരെ ശാന്തമാണെങ്കിൽ യാത്രക്ക് 53 സെക്കൻ്റേ എടുക്കുകയുള്ളൂ. കാറ്റ് അനുകൂലമല്ലെങ്കിൽ 90 മുതൽ 180 സെക്കറ്റ് വരെ എടുക്കാൻ സാധ്യതയുണ്ട്. യാത്രാ കൂലി 17 മുതൽ 45 യൂറോ വരെ. വേനൽക്കാലത്ത് ടൂറിസ്റ്റ് വരവോടെ വിമാനയാത്രാ നിരക്ക് കൂടും.