രാവിലെ നേരം വെളുക്കുന്നതിനു മുമ്പു ഇരുട്ടായിരിക്കുമ്പോൾ തന്നെ പക്ഷികളുടെ ചിലയ്ക്കൽ എല്ലാവരും (ആ സമയത്ത് എഴുന്നേറ്റ് ശീലിച്ചവർ) കേട്ടിട്ടുണ്ടാവും. ഏകദേശം 3 മണിക്കും അഞ്ചരയ്ക്കും ഇടയിലായിരിക്കും പക്ഷികളുടെ കലപില. എന്തിനാണ് അവ ഇത്രയും നേരത്തേ ചിലയ്ക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
രാവിലെ ഇങ്ങനെ ചിലയ്ക്കുന്നത് ആൺപക്ഷികളാണ്. ആ സമയത്ത് പക്ഷികളുടെ ശബ്ദത്തിന് കൂടുതൽ ‘റേഞ്ച്’ ഉണ്ടാകുമത്രേ. കൂടുതൽ ദൂരത്തേക്ക് ശബ്ദം കേൾക്കാൻ കഴിയും. ആൺപക്ഷികൾ ചിലയ്ക്കുന്നത് സ്വന്തം അതിർത്തി കാത്തുസൂക്ഷിക്കാനും ഇണയെ ആകർഷിക്കാനുമാണ്.
ശാസ്ത്രജ്ഞർ രാവിലെയും ഉച്ചസമയത്തുമുള്ള പക്ഷിശബ്ദങ്ങൾ നിരീക്ഷിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. അതിരാവിലെ പക്ഷി ചിലക്കുന്നത് വളരെ വ്യക്തമായിരിക്കും, തടസമില്ലാതെ കേൾക്കാനും കഴിയും. തൻ്റെ ഇണ എവിടെയായിരുന്നാലും അതിനെ ക്ഷണിക്കുകയാണല്ലോ ആൺപക്ഷി ചെയ്യുന്നത്. അപ്പോൾ അതിന് അനുയോജ്യമായ സമയം വെളുപ്പാൻകാലം തന്നെയാണ്.
ആയിരക്കണക്കിന് കിളികൾ ഉള്ള ഈ പ്രകൃതിയിൽ തനിക്ക് ഏറ്റവും യോജിച്ച ഇണയെ കിട്ടാൻ പക്ഷികളും ആഗ്രഹിക്കുമല്ലോ. ശബ്ദത്തിന് പക്ഷികൾ നൽകുന്ന വ്യായാമം കൂടിയാണ് രാവിലത്തെ ചിലയ്ക്കൽ. ഇതാണ് അവ ചെയ്യുന്ന സാധകം. മറ്റു ശബ്ദങ്ങളോ വെളിച്ചമോ ഇല്ലാത്ത ആ നേരം പക്ഷിശബ്ദങ്ങൾ കൂടുതൽ മാറ്റൊലി കൊള്ളും.
പിന്നെ വേറൊരു കാര്യം കൂടിയുണ്ടാകാം. നേരം വെളുത്താലല്ലേ ഇര തേടി പോകാൻ വെളിച്ചമുണ്ടാകൂ. അതുവരെ കാത്തിരിപ്പിനിടയിലുള്ള ഒരു ഹോബിയുമാകാം ചിലയ്ക്കൽ.