യുണൈറ്റഡ് നേഷൻസ് 2014 നവംബറിലെ ജനറൽ അസംബ്ലിയിലാണ് ജൂലൈ 15 ലോക യൂത്ത് സ്കിൽസ് ദിനമായി (ലോക യുവജന നൈപുണ്യ ദിനം) പ്രഖ്യാപിച്ചത്. 2024 വർഷത്തെ തീം “സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള യുവത്വ നൈപുണ്യങ്ങൾ (യൂത്ത് സ്കിൽസ്)” എന്നതാണ്.
ഈ ദിനാചരണം ലോകത്തിലെ യുവജനങ്ങളുടെ വികാസവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനാണ്.
വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും യുവാക്കളുടെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് പരിഹരിക്കുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലോക യുവജന നൈപുണ്യ ദിനം ലക്ഷ്യമിടുന്നു.
ലോകം ഇന്ന് നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ അവയിൽ പലതും യുവാക്കളെ ബാധിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ വ്യക്തികളുടെ ഭാവിയെ മാത്രമല്ല സമൂഹത്തിൻ്റെ മൊത്തത്തിലുള്ള സ്ഥിരതയ്ക്കും വെല്ലുവിളിയാകുന്നു.
2024ലെ ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് തൻ്റെ സന്ദേശത്തിൽ പറഞ്ഞു: “മനുഷ്യസൂഹത്തിൻ്റെയും നമ്മുടെ ഭൂമിയുടെയും ഭാവി യുവാക്കളെ ആശ്രയിച്ചിരിക്കുന്നു. ഇന്നത്തെ വെല്ലുവിളികളെ നേരിടാനും കൂടുതൽ സമാധാനപൂർണമായ നാളെയെ രൂപപ്പെടുത്താനുമുള്ള കഴിവുകൾ അവർക്കുണ്ടാകട്ടെ. കാരണം കഴിവുകളുണ്ടെന്നുള്ള ഉറപ്പിനെ ആശ്രയിച്ചാണ് ലോകത്തിൻ്റെ ഭാവി.”