സൈക്കിള്‍ വാങ്ങാനായി ഒരു വര്‍ഷം കുടുക്കയില്‍ കൂട്ടിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അഞ്ചാം ക്ലാസുകാരി ലയ ബിനേഷ്. അച്ഛനും അമ്മയ്ക്കുമൊപ്പം കലക്ടറേറ്റിലെത്തിയാണ് തുക കൈമാറിയത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര ഏറ്റുവാങ്ങി.
വാര്‍ത്തകളില്‍ വയനാടിലെ മനുഷ്യരുടെ ദുരിതം കണ്ടാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ലയ തീരുമാനിച്ചത്. അപ്പൂപ്പന്‍ സൈക്കിള്‍ സമ്മാനിച്ചതിനാല്‍ ആ തുക കൈമാറാമെന്ന് ലയ തീരുമാനിച്ചു. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ പൂര്‍ണസമ്മതം. പിറ്റേന്ന് തന്നെ കലക്ടറേറ്റിലെത്തി മന്ത്രിക്കും ജില്ല കലക്ടര്‍ക്കും തുക കൈമാറി. ചിറ്റൂര്‍ വിജയമാത ജി.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലയ. തത്തമംഗലം അയ്യമ്പതി വീട്ടില്‍ ബിനേഷിന്റെയും ശാലിനിയുടെയും മകളാണ്.
രണ്ടാം ക്ലാസുകാരി എസ് സമാ മറിയം തന്റെ രണ്ടു വര്‍ഷത്തെ സമ്പാദ്യം ഉള്‍പ്പെട്ട കുടുക്ക പൊട്ടിച്ച് മൊത്തം തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയ്ക്ക് കൈമാറി. വയനാട്ടിലെ ചൂരല്‍മലയില്‍ ദുരന്തത്തിന് ഇരയായവരുടേയും രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുമക്കളുടെയും സങ്കടം ടിവിയില്‍ കണ്ടപ്പോഴാണ് തന്റെ രണ്ടുവര്‍ഷത്തെ സമ്പാദ്യമായ കുടുക്ക കൈമാറാന്‍ തസ്രാക്കിലെ ക്രീയേറ്റീവ് പബ്ലിക്ക് സ്‌ക്കൂളിലെ ഈ ഏഴു വയസുകാരി തീരുമാനിച്ചത്.തുടര്‍ന്ന് തന്റെ ആവശ്യം മാതാപിതാക്കളോട് പറയുകയായിരുന്നു. കുടുക്കയില്‍ എത്ര തുകയുണ്ടെന്ന് സമയ്ക്ക് അത്ര വ്യക്തമല്ല.ഉളളത് മുഴുവന്‍ വയനാട്ടെ ദുരിതബാധിതര്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ് കുട്ടി.
കൊല്ലങ്കോട് നണ്ടന്‍കീഴായ സ്വദേശി വൈ.ഷെരീഫിന്റെയും വയനാട് അമ്പലവയല്‍ സ്വദേശി സി.പി സുബൈജയുടേയും മകളാണ് എസ്. സമാ മറിയം .വയനാട് സ്വദേശിയായ ഉമ്മയുടെ ചില അകന്ന ബന്ധുക്കള്‍ ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കാണാതായതും കുഞ്ഞു മനസ്സിന്റെ വേദനയാണ്.