കരംചന്ദ്ഗാന്ധിയുടെയും പുത്ലിബായിയുടെയും ആറു മക്കളില്‍ ഇളയവനായിരുന്നു മോനിയ. മോനിയയ്ക്ക് തന്‍റെ അമ്മയെ വളരെ ഇഷ്ടമായിരുന്നു. ജ്യേഷ്ഠന്മാര്‍ തന്നെ കളിയാക്കുകയോ തന്‍റെ ചെവി പിടിച്ചു തിരുമ്മുകയോ ചെയ്താല്‍ പരാതിയുമായി അവന്‍ അമ്മയുടെ അടുത്ത് ഓടിയെത്തുമായിരുന്നു. അപ്പോള്‍ അമ്മ ചോദിക്കും, “നിനക്ക് അവരെ തിരിച്ചടിക്കാമായിരുന്നില്ലേ?” അപ്പോള്‍ മോനിയ പറയുമായിരുന്നു,”എന്‍റെ ജ്യേഷ്ഠന്മാരെ അടിക്കാനാണോ അമ്മ എന്നെ പഠിപ്പിക്കുന്നത്? ആരായാലും അവരെ തിരിച്ചും ഉപദ്രവിക്കുന്നത് ശരിയാണോ അമ്മേ?” പുത്ലിബായിക്ക് ഒരു മറുപടിയുമില്ലായിരുന്നു. മകന്‍റെ ചിന്തയും സംസാരരീതിയുമോര്‍ത്ത് അവര്‍ പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു.
ഒരിക്കല്‍ തനിക്ക് കിട്ടിയ മധുരപലഹാരം തന്‍റെ കൂട്ടുകാരനായ ഉക എന്ന താഴ്ന്ന ജാതിയില്‍പെട്ട കുട്ടിക്കും നല്‍കാന്‍ മോനിയ ഉകയുടെ അടുത്തെത്തി. ഉക പെട്ടെന്ന് മാറിനിന്നുകൊണ്ട് പറഞ്ഞു,”എന്‍റെയടുത്ത് വരരുത്. ഏമാന്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവനാണ്. ഞാന്‍ താഴ്ന്ന ജാതിയില്‍ പെട്ടവനും. എന്നെ തൊട്ടുകൂടാ.” എന്നാല്‍ മോനിയ ഉകയുടെ കൈവെള്ള പിടിച്ച് പലഹാരം അതിലേക്ക് വെച്ചുകൊടുത്തു.
ഈ രംഗം പുത്ലിബായിയുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. അവര്‍ മകനോട് ചോദിച്ചു,”അവനെ തൊടാന്‍ പാടില്ലെന്ന് നിനക്കറിഞ്ഞുകൂടേ?” മോനിയ തിരിച്ചു ചോദിച്ചു,”എന്താ തൊട്ടാല്‍?” അമ്മ പറഞ്ഞു,”നമ്മുടെ പാരമ്പര്യം അതിന് അനുവദിക്കുന്നില്ല.” മോനിയ പറഞ്ഞു,”ഞാന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. കാരണം അവനും എന്നെപ്പോലെ ഒരു കുട്ടിയാണ്.” അപ്പോഴും പുത്ലിബായിക്ക് ഉത്തരമുണ്ടായിരുന്നില്ല. സത്യസന്ധനായ ഹരിശ്ചന്ദ്രരാജാവിന്‍റെ കഥ വായിച്ച് അദ്ദേഹത്തെപ്പോലെയാകാന്‍ ആഗ്രഹിച്ച ഈ ബാലനാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി.
മോഹന്‍ദാസ് കരംചന്ദ്ഗാന്ധി എന്ന മഹാത്മാഗാന്ധി 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്ദറിലാണ് ജനിച്ചത്. 1887-ല്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. 1888 സെപ്തംബറില്‍ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറി. 1891-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി മുംബൈയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. 1893 ഏപ്രിലില്‍ വക്കീല്‍ജോലിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടത്തെ ജാതിവിവേചനത്തിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. സത്യാഗ്രഹം എന്ന സമരമാര്‍ഗ്ഗം ഗാന്ധി വികസിപ്പിച്ചെടുത്തത് ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയപരീക്ഷണശാല ദക്ഷിണാഫ്രിക്കയായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായിത്തീര്‍ന്ന അദ്ദേഹം മുപ്പതു കൊല്ലത്തോളം ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യസമരയത്നങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെ ഗാന്ധി ലോകമെമ്പാടും ശ്രദ്ധേയനായി. അദ്ദേഹത്തിന്‍റെ ആത്മകഥയാണ് ‘എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍.’ 1948 ജനുവരി 30-ന് ഒരു പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കവേ വെടിയേറ്റ് മഹാത്മാഗാന്ധി ഇഹലോകവാസം വെടിഞ്ഞു.