യു.ഡി.എഫ് കെട്ടുറപ്പില്‍ വിള്ളല്‍ വീഴ്ത്തി തൊടുപുഴ നഗരസഭയില്‍ മുസ്ലിം ലീഗ് പിന്തുണയില്‍ സി.പി.എം ഭരണം നിലനിർത്തിയ സംഭവം ലീഗ് സംസ്ഥാന കമ്മിറ്റി പരിശോധിക്കുന്നു.
വിഷയത്തില്‍ ജില്ലാ കമ്മിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ആവശ്യമായ ഇടപെടലുകള്‍ നടത്തി പരിഹാരമുണ്ടാക്കുമെന്നും ലീഗ് ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം പറഞ്ഞു. അവിടെ കോണ്‍ഗ്രസുമായി പ്രാദേശിക പ്രശ്നങ്ങളുണ്ടെന്ന് അറിയാമായിരുന്നു. പരിഹരിക്കാൻ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ഇങ്ങനെയൊരു സ്ഥിതി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊടുപുഴ നഗരസഭയില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ആറുവീതം അംഗങ്ങളാണുള്ളത്. കേരള കോണ്‍ഗ്രസിന്‍റെ ഒരംഗവും കൂടിയാല്‍ അധ്യക്ഷസ്ഥാനം എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കാൻ അവസരമുണ്ടായിട്ടും കാലാവധി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായ തർക്കമാണ് ഇരുപാർട്ടികളും വെവ്വേറെ സ്ഥാനാർഥികളെ നിർത്തുന്നതിലേക്കും ലീഗ് അംഗങ്ങള്‍ എല്‍.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിലേക്കും നയിച്ചത്.