ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തിരച്ചിലിൽ വീണ്ടും പ്രതിസന്ധി.
അഞ്ച് മണിക്കൂറോളം സംഘം തിരച്ചിൽ നടത്തിയെങ്കിലും പുഴയിൽ അടിഞ്ഞു കൂടിയ ചെളിയാണ് മുങ്ങൽ വിദ്ഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘത്തിനും നാവികസേനാ ഉദ്യോഗസ്ഥർക്കും തടസമാകുന്നതെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രതികരിച്ചു.
ചെളി നീക്കിയാൽ മാത്രമേ ആഴത്തിലിറങ്ങി പരിശോധിക്കാനാകൂ.ഇതിനായി ഗോവയിൽ നിന്ന് ഫ്ലോട്ടിംഗ് ഡ്രഡ്ജർ എത്തിക്കാൻ ശ്രമിക്കുമെന്നും കാർവാർ എംഎൽഎ അറിയിച്ചു.
സിഗ്നൽ ലഭിച്ച സ്ഥലങ്ങളിൽ പരിശോധന നടത്തിയപ്പോൾ ചളിയും പാറക്കഷ്ണങ്ങളും മരക്കഷ്ണങ്ങളും അടിഞ്ഞുകൂടി കിടക്കുന്നതാണ് നിലവിൽ തിരച്ചിലിന് പ്രതിസന്ധിയായിരിക്കുന്നത്.
തുറമുഖത്ത് നിന്ന് പുഴയിലൂടെ ഡ്രഡ്ജർ എത്തിക്കാനാണ് ശ്രമം. എന്നാൽ സ്വാതന്ത്ര്യ ദിനമായതിനാൽ നാളെ എത്തിക്കാനാകില്ല.
കേരളത്തിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഓപ്പറേറ്റർ അസുഖബാധിതനാണ് എന്നായിരുന്നു ചോദിച്ചപ്പോൾ ലഭിച്ച മറുപടി. ഈ മറുപടി ലഭിച്ചത് വൈകിയാണെന്നും കാർവാർ എംഎൽഎ കുറ്റപ്പെടുത്തി.
എത്ര സമയമെടുത്താലും ഷിരൂരിൽ പരിശോധന തുടരുക തന്നെ ചെയ്യുമെന്നും എംഎൽഎ വ്യക്തമാക്കി.
പരിശോധന ആഴത്തിൽ നടത്തണമെങ്കിൽ ഡ്രെഡ്ജിംഗ് മെഷീൻ ആവശ്യമാണെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും അറിയിച്ചു.എത്ര ആഴത്തിൽ പോയാലും വലിയ മരക്കഷ്ണങ്ങളും പാറകളുമാണ് തിരച്ചിൽ സംഘത്തിന് കാണാൻ സാധിക്കുന്നത്.