കിഴക്കുദിച്ച സൂര്യന്‍റെ ക്ഷേത്രം

സൂര്യദേവനെ ആരാധിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ് ഒറീസയിലെ ഭുവനേശ്വരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കൊണാര്‍ക്ക് ക്ഷേത്രം. ഏഴ് കുതിരകള്‍ വലിക്കുന്ന, ഓരോ വശത്തും 12 ചക്രങ്ങള്‍ ഘടിപ്പിച്ച രഥത്തിന്‍റെ മാതൃകയിലാണ് ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ദ്വാരപാലകരായി രണ്ട് സിംഹങ്ങളുടെ പ്രതിമകളുണ്ട്. പ്രധാന ക്ഷേത്രത്തിനു മുന്നിലുള്ള മണ്ഡപം നടനമന്ദിരം എന്നറിയപ്പെടുന്നു. കോണ്‍ എന്ന വാക്കിന് ദിശ, ദിക്ക് എന്നും അര്‍ക്കന്‍ എന്നുവെച്ചാല്‍ സൂര്യന്‍ എന്നുമാണര്‍ത്ഥം. അതായത് ‘കിഴക്കുദിച്ച സൂര്യന്‍റെ ക്ഷേത്രം’ എന്ന അര്‍ത്ഥത്തിലാണ് കൊണാര്‍ക്ക് എന്ന പേരുവന്നത്. മാത്രമല്ല, ഭാരതത്തിന്‍റെ കിഴക്കുഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പിഴവുകളില്ലാത്ത നിര്‍മ്മിതിക്ക് പ്രസിദ്ധമായ ഈ ക്ഷേത്രം കിഴക്കുപടിഞ്ഞാറ് ദിശയിലാണ് സ്ഥിതിചെയ്യുന്നത്. മൃഗങ്ങളുടേയും മനുഷ്യരുടേയും പ്രതിമകള്‍ അകത്തും പുറത്തും കാണപ്പെടുന്നു. ചുമര്‍ച്ചിത്രങ്ങളില്‍ ദേവീദേവന്മാരുടെ രൂപങ്ങള്‍, പുരാണകഥാപാത്രങ്ങള്‍, ഗന്ധര്‍വ്വന്മാര്‍, നൃത്തം ചെയ്യുന്ന അപ്സരസ്സുകള്‍ എന്നിവ കാണാന്‍ കഴിയും. പ്രധാന ക്ഷേത്രത്തിന്‍റെ ചുറ്റിലുമായി അടിഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്‍പ്പങ്ങളുണ്ട്. അംഗലാവണ്യത്തിന് ഒരു കുറവും വരാത്ത രീതിയില്‍ വളരെ സൂക്ഷ്മതയോടെയാണ് ഓരോ ശില്‍പ്പവും നിര്‍മ്മിച്ചിരിക്കുന്നത്. ചക്രങ്ങള്‍ വെട്ടിയുണ്ടാക്കിയിരിക്കുന്ന രീതിയും പ്രത്യേകതകള്‍ നിറഞ്ഞതാണ്. ചക്രങ്ങളില്‍ മനോഹരങ്ങളായ കൊത്തുപണികള്‍ കാണാം. എടുത്തുപറയത്തക്ക ഒരു കാര്യം ഈ ചക്രങ്ങളുടെ നിലത്തുവീഴുന്ന നിഴല്‍ നോക്കി കൃത്യമായി സമയം തിട്ടപ്പെടുത്താന്‍ സാധിക്കുമെന്നതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്.
ഉദയസൂര്യന്‍റെ പ്രകാശരശ്മികള്‍ പ്രധാന പ്രതിഷ്ഠയുടെ നെറുകയില്‍ പതിക്കുംവിധമാണ് ക്ഷേത്രനിര്‍മ്മാണം. സൂര്യന്‍റെ ഉദയം, മധ്യാഹ്നം, അസ്തമയം എന്നീ മൂന്നു ഭാവങ്ങള്‍ സ്ഫുരിക്കുന്ന മൂന്നു ശില്‍പ്പങ്ങള്‍ ക്ഷേത്രത്തിന്‍റെ മൂന്നു ഭാഗങ്ങളിലായി കാണാം. കല്ലുകള്‍ തമ്മില്‍ കൂട്ടിയിണക്കാന്‍ സിമന്‍റോ കുമ്മായമോ ഉപയോഗിക്കാതെ പ്രത്യേക രീതിയിലാണ് ഇത് ചെയ്തിരിക്കുന്നത്. ഗംഗാരാജവംശത്തിലെ നരസിംഹദേവന്‍ ഒന്നാമനാണ് പതിമൂന്നാം നൂറ്റാണ്ടില്‍ കൊണാര്‍ക്ക് ക്ഷേത്രം നിര്‍മ്മിച്ചത്. 1200 ജോലിക്കാര്‍ 12 വര്‍ഷം കൊണ്ടാണ് ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ക്ഷേത്രത്തിന്‍റെ മുഖ്യഭാഗത്തിന് 68 മീറ്ററോളം ഉയരമുണ്ട്.
കൊണാര്‍ക്ക് സന്ദര്‍ശിച്ച രവീന്ദ്രനാഥടാഗോര്‍ ഇങ്ങനെ എഴുതി, ‘കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയ്ക്കതീതമായി നിലനില്‍ക്കുന്നു.’ മറ്റെങ്ങും കാണാത്ത ക്ഷേത്രനിര്‍മ്മിതി എന്ന സ്ഥാനം നല്‍കി യുനെസ്കോ 1982-ല്‍ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ കൊണാര്‍ക്ക് ക്ഷേത്രത്തെ ഉള്‍പ്പെടുത്തി.

Leave a Reply

spot_img

Related articles

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...

കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും:- ഡെപ്യൂട്ടി സ്പീക്കർ

പന്തളം കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...