ഹേമാവതി എന്ന യുവതിക്ക് ചന്ദ്രഭഗവാനില്‍ ജനിച്ച പുത്രനായിരുന്നു ചന്ദ്രവര്‍മ്മന്‍. സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ട ഇവര്‍ കാട്ടില്‍ അഭയം തേടി. അവിടെവെച്ച് അവര്‍ കുഞ്ഞിനെ വളര്‍ത്തി. അമ്മയായിരുന്നു ചന്ദ്രവര്‍മ്മന്‍റെ ഗുരുവും രക്ഷകര്‍ത്താവും. വളര്‍ന്നുവലുതായ മകന്‍ ചന്ദേലാ രാജവംശം സ്ഥാപിച്ചു. സ്വപ്നത്തില്‍ അമ്മ വന്ന് ഇവിടെ ക്ഷേത്രങ്ങള്‍ പണിയണമെന്ന് അദ്ദേഹത്തോട് ആഗ്രഹം പ്രകടിപ്പിച്ചുവത്രേ. അതായിരുന്നു ക്ഷേത്രനിര്‍മ്മാണത്തിന്‍റെ തുടക്കം കുറിക്കാനുള്ള കാരണം. ഖജുരാഹോക്ഷേത്രങ്ങളുടെ നിര്‍മ്മിതിക്ക് പിന്നിലെ ഐതിഹ്യം ഇതാണ്. പില്‍ക്കാലത്തെ ഭരണാധികാരികൾ അവിടെ കൂടുതല്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു.
ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും ഏതാണ്ട് 620 കിലോമീറ്റര്‍ അകലെയാണ് ഖജുരാഹോ. ശില്‍പ്പഭംഗിയുള്ള പുരാതനക്ഷേത്രങ്ങള്‍ നിറഞ്ഞ സ്ഥലമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മധ്യപ്രദേശിലുള്ള ഛത്തര്‍പുര്‍ ജില്ലയിലെ ഖജുരാഹോയില്‍ ഹിന്ദുക്കളുടേയും ജൈനമതക്കാരുടേയും ക്ഷേത്രങ്ങള്‍ കണ്ടെത്തിയത്. എ.ഡി. 950-നും 1050-നും ഇടയ്ക്ക് രജപുത്രരായ ചന്ദേലാ രാജാക്കന്മാരാണ് ഈ ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചതെന്ന് കരുതുന്നു. അവരുടെ തലസ്ഥാനനഗരമായിരുന്നു ഖജുരാഹോ. ചന്ദേലാ രാജാക്കന്മാരുടെ ഭരണം അവസാനിച്ചതോടെ ഖജുരാഹോയും അവിടത്തെ ക്ഷേത്രങ്ങളും വിസ്മൃതിയിലാണ്ടു.
കാടുകള്‍ക്കിടയില്‍ ഒളിഞ്ഞുകിടന്ന ക്ഷേത്രങ്ങള്‍ ബ്രിട്ടീഷുകാരാണ് പിന്നീട് പുറംലോകത്തിന് കാട്ടിക്കൊടുത്തത്. ഇവിടം പണ്ട് ഈന്തപ്പനകള്‍ നിറഞ്ഞ സ്ഥലമായിരുന്നുവത്രേ. ഖജുര്‍ എന്ന വാക്കിനര്‍ത്ഥം ഈന്തപ്പന എന്നാണ്. അതുകൊണ്ടാണ് ഖജുരാഹോ എന്ന പേരു വന്നതെന്നും കരുതുന്നു. ഉത്തരേന്ത്യന്‍ വാസ്തുശില്‍പ്പകലയുടെ ഉദാഹരണങ്ങളാണ് ഈ ക്ഷേത്രങ്ങള്‍. മനോഹരങ്ങളായ താഴികക്കുടങ്ങളുള്ള ക്ഷേത്രങ്ങള്‍ക്കുള്ളിലും പുറത്തും ഭംഗിയേറിയ ശില്‍പ്പങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. പണ്ട് നിര്‍മ്മിച്ച 80 ക്ഷേത്രങ്ങളില്‍ ഇരുപത്തിയഞ്ചോളം ക്ഷേത്രങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോ ക്ഷേത്രത്തിനും ചെറുതും വലുതുമായ ഗോപുരങ്ങളുണ്ട്. രണ്ടു വശങ്ങളിലും ഓരോ സ്വര്‍ണപനമരം (ഖജുര്‍) വീതമുള്ള എട്ട് പുറംവാതിലുകള്‍ ക്ഷേത്രങ്ങളുടെ ചുറ്റുമതിലിലുണ്ട്.
1982-ലാണ് ഖജുരാഹോ ക്ഷേത്രങ്ങളെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയത്. ചന്ദേലാ സംസ്കാരത്തിന്‍റെ തെളിവായി അവശേഷിക്കുന്ന ഉയര്‍ന്ന സംസ്കാരം പ്രതിഫലിക്കുന്ന യഥാര്‍ത്ഥ വാസ്തുശില്‍പ്പകല എന്നാണ് യുനെസ്കോ ഖജുരാഹോ ക്ഷേത്രങ്ങളെ വിശേഷിപ്പിച്ചത്. എ.ഡി. 1335-ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഇബിന്‍ബത്തൂത്ത എന്ന സഞ്ചാരിയുടെ യാത്രാക്കുറിപ്പുകളില്‍ ഈ ക്ഷേത്രങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.