കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം കവാടം ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. രണ്ടാം കവാടം നിർമ്മാണം ആരംഭിച്ച സമയത്ത് എം.പിയായിരുന്ന തോമസ് ചാഴികാടനെ ഉദ്ഘാടന ചടങ്ങിലേയ്ക്കു ക്ഷണിച്ചില്ലെന്നാണ് വിവാദം. ഇതു ചൂണ്ടിക്കാട്ടി ‘ഉദ്ഘാടന ചടങ്ങ് ‘ പത്രത്തിലൂടെ അറിഞ്ഞെന്നു തോമസ് ചാഴികാടൻ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായി മാറി. ഇന്നു രാവിലെ 11 മണിയോടെയാണ് കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം കവാടം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നത്. ഫ്രാൻസിസ് ജോർജ് എം.പി ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും.
തോമസ് ചാഴികാടൻ എം.പിയായിരിക്കെയാണ് കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം കവാടത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. ഈ കവാടത്തിന്റെ നിർമ്മാണം പൂർത്തിയായി ഉദ്ഘാടനം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. – കോട്ടയം റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടം യാത്രക്കാർക്ക് ഇന്ന് തുറന്നു കൊടുക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. സന്തോഷം..! കഴിഞ്ഞ അഞ്ചു വർഷക്കാലം പാർലമെന്റ് അംഗമെന്ന നിലയിൽ രണ്ടാം കവാട നിർമ്മാണം തുടങ്ങിവെയ്ക്കുന്നതിനും പൂർത്തിയാക്കുന്നതിനും കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ സമഗ്രവികസനത്തിനും നിർണ്ണായക പങ്കു വഹിയ്ക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഇനി രണ്ടാം കവാടത്തിനോടു ചേർന്നുള്ള പാർക്കിംങ് സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും കൂടെ എത്രയും വേഗം റെയിൽവേയ്ക്ക് പൂർത്തിയാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. പ്രിയപ്പെട്ട യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ശുഭയാത്ര നേരുന്നു.
സോഷ്യൽ മീഡിയയിൽ തോമസ് ചാഴികാടൻ പങ്കു വച്ച കുറിപ്പിന് താഴെ വലിയ വിമർശനമാണ് ഇദ്ദേഹത്തെ അനൂകൂലിക്കുന്നവർ ഉയർത്തുന്നത്. മൂന്നു മാസം മുൻപ് മാത്രം എംപിയായ ആളാണോ രണ്ടാം കവാടത്തിന്റെ അവകാശവാദം ഉന്നയിക്കുന്നതെന്ന വാദമാണ് കമന്റിടുന്നവർ ഉയർത്തുന്നത്. സോഷ്യൽ മീഡിയിൽ അടക്കം കടുത്ത വിമർശനം ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. രണ്ടാം പ്രവേശന കവാടത്തിന്റെ നിർമ്മാണം തുടങ്ങി വച്ച തോമസ് ചാഴികാടനെ ചടങ്ങിലേയ്ക്ക് ക്ഷണിക്കാത്തത് അനുചിതമായി എന്ന വാദമാണ് ഉയരുന്നത്.