മോഹൻലാൽ സംവിധായകനാകുന്ന ത്രിഡി ചിത്രം ‘ബറോസി’ന്റെ ട്രെയിലർ തിയറ്ററുകളിലെത്തി. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. സിനിമയുടെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. വിഷ്വൽ ട്രീറ്റ് ഉറപ്പു തരുന്ന ട്രെയിലറിന്റെ ക്വാളിറ്റിയും മികച്ചു നിൽക്കുന്നുവെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പ്രതികരണം.റിലീസ് തിയതി ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ തീയറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. സൂര്യ ചിത്രം ‘കങ്കുവ’യുടെ ഇടവേളയിലാണ് ‘ബറോസി’ന്റെ ത്രിഡി ട്രെയിലർ പ്രദർശിപ്പിച്ചത്. ‘സംവിധാനം മോഹൻലാൽ’ എന്ന് കാണിച്ചപ്പോൾ തിയേറ്ററുകളിൽ കരഘോഷം ഉയരുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.അതിഗംഭീരമായ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ബറോസ് എന്ന് ഈ ട്രെയിലർ ഉറപ്പ് നൽകുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ‘മാസ് രംഗങ്ങൾ പ്രതീക്ഷിക്കാതെ കൗതുകം നിറഞ്ഞ ഒരു ചിത്രം പ്രതീക്ഷിക്കാം’ എന്ന് ഒരു ആരധകൻ കുറിച്ചപ്പോൾ ‘പൈസ വസൂലാക്കാൻ ഇത് മാത്രം മതി’ എന്നാണ് മറ്റൊരാളുടെ അഭിപ്രായം.