തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ ലംഘിച്ചതിൻ്റെ കാരണം എന്തെന്ന് ഹൈക്കോടതി ദേവസ്വത്തിനോട് ചോദിച്ചു. മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ജില്ല കളക്ടർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കളക്ടർ ഓൺലൈനായാണ് കോടതിയിൽ ഹാജരായത്. ഉത്സവത്തിന്റെ ആദ്യ മൂന്നുദിവസം മാർഗനിർദേശങ്ങൾ പാലിച്ചിരുന്നു. എന്നാൽ നാലാം ദിനം വൈകുന്നേരം മാർഗനിർദേശങ്ങൾ ലംഘിച്ച് എഴുന്നള്ളിപ്പ് നടത്തുകയും ആനകൾ തമ്മിലുള്ള അകലപരിധി പാലിച്ചില്ലെന്നും കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഇത്തരത്തിലുള്ള നടപടി അനുവദിക്കാനാവില്ലെന്ന് കോടതി താക്കീത് നൽകി. ഒരു ദിവസമാണെങ്കിലും അത് നിയമലംഘനം തന്നെയാണെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു