ബംഗാൾ ഉൾക്കടലിൽ രണ്ടിടങ്ങളിലായി ന്യൂനമർദ സാധ്യത. ഇതിലൊന്ന് ആൻഡമാൻ ദ്വീപിനു സമീപമാണ്. ഈ സിസ്റ്റം ഡിസംബർ 11 ന് രൂപപ്പെട്ടേക്കാം. തുടർന്ന് 13 മുതൽ തമിഴ്നാട്ടിൽ മഴ സാധ്യത. ശ്രീലങ്കയിലും തമിഴ്നാട്ടിലും ശക്തമായ മഴ ലഭിക്കും. ന്യൂനമർദം ശ്രീലങ്കയുടെ ഭാഗത്തേക്ക് എത്തുകയും അവിടെ അല്പം നിലയുറപ്പിക്കുകയും ചെയ്യും.
പ്രാഥമിക സൂചനകൾ പ്രകാരം കേരളത്തിൽ എല്ലാ ജില്ലകളിലും നേരിയ തോതിൽ അല്ലെങ്കിൽ ഇടത്തരം മഴ നൽകാൻ ഈ സിസ്റ്റത്തിന് കഴിയും. ഫെയ്ഞ്ചൽ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട ന്യൂനമർദത്തിന്റെ അതേ മേഖലയിൽ തന്നെ പുതിയത് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ വിദഗ്ധർ ഏറെ ശ്രദ്ധയോടെയാണ് ഈ ന്യൂനമർദത്തെ നിരീക്ഷിക്കുന്നത്.ഡിസംബർ 13 നു ശേഷം കേരളത്തിലെ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകും. അതുവരെ പ്രസന്നമായ കാലാവസ്ഥ തുടരും.തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖക്ക് അപ്പുറം ദക്ഷിണാർധ ഗോളത്തിൽ രണ്ടു ശക്തമായ ന്യൂനമർദങ്ങൾ അടുത്ത ആഴ്ചകളിൽ രൂപപ്പെട്ടേക്കാം. ഇതിലൊന്നു ചുഴലിക്കാറ്റായി മാറാൻ സാധ്യത.