ഈ പുതുവര്‍ഷത്തില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ( എന്‍ഡിപി ) നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ ജഗ്മീത് സിങ്. ഈ തീരുമാനത്തോടെ എന്‍ഡിപി ജസ്റ്റിന്‍ ട്രൂഡോയുടെ ന്യൂനപക്ഷസര്‍ക്കാരിനുള്ള പിന്തുണ അവസാനിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് ജഗ്മീത് സിങ് എസ്‌കില്‍ ഒരു കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിബറല്‍സ് മറ്റൊരു ചാന്‍സ് അര്‍ഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്‍ഡിപി വോട്ട് ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു. കനേഡിയന്‍സിന് തങ്ങള്‍ക്ക് അനുകൂലമായൊരു സര്‍ക്കാരിനായി വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുകയാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യപരിരക്ഷ, ഹൗസിങ്, ജീവിത ചെലവ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ട്രൂഡോ സര്‍ക്കാരിന് സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്. നിജ്ജാര്‍ കൊലപാതകമടക്കമുള്ള നിരവധി വിഷയങ്ങളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ച ട്രൂഡോയുടെ സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ പോകുന്നത് ഒരു ഇന്ത്യന്‍ വംശജന്‍ തന്നെയാണെന്നതാണ് പ്രധാന വസ്തുത.