കലൂരിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ.ജി.സി.ഡി.എ, കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പങ്കു സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. പണം എങ്ങോട്ടു പോയി എന്നതു സംബന്ധിച്ചാണ് പരിശോധിക്കുന്നത്. ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.അതേസമയം, ഉമ തോമസിന് പരുക്കേറ്റ കേസിൽ വിവാദ നൃത്തപരിപാടിയുടെ മുഖ്യ സംഘാടകരിലൊരാളായ ജനീഷ് പി.എസ് പിടിയിലായി. ഓസ്കർ ഇവന്റ്സ് ഉടമ ജനീഷിനെ ഇന്ന് രാവിലെയാണ് തൃശൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിട്ടും ജനീഷ് ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലെന്നായിരുന്നു വിശദീകരണം നൽകിയത്.ഇന്നലെ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനമുണ്ടായതോടെയാണ് ജനീഷിനെ പൊലീസ് രാവിലെ തന്നെ പിടികൂടിയത്. കേസിൽ ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ അടക്കം നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളുടെ മരണത്തിന് ഇടയാക്കുന്ന രീതിയിൽ സുരക്ഷാക്രമീകരണങ്ങളില്ലാതെ പരിപാടി സംഘടിപ്പിച്ചതടക്കം ജാമ്യമില്ല വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.