നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു.
ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാത്തതിൽ ഒരു തരത്തിലും ഉള്ള ന്യായീകരണവും ഇല്ല. സീനിയർ കൗൺസിൽ രാമൻ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോച്ചെ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് പരിശോധിക്കണം. അതോ റിമാൻഡ് പ്രതികൾക്ക് വേണ്ടി ആണു താൻ അകത്ത് തുടർന്നത് എന്ന് പറഞ്ഞോ എന്നും പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ, വേണ്ടി വന്നാൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം ക്യാൻസൽ ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്. കഥമെനയാൻ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞിരുന്നു. കേസ് ഉച്ചക്ക് 12 മണിയോടെ വീണ്ടും പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി വീണ്ടും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.