നിയമസഭയില്‍ ഡോ. മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം. 2024 ഡിസംബര്‍ 26-ാം തീയതി അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി എന്നതിനു പുറമെ, അന്താരാഷ്ട്ര പ്രശസ്തനായ സാമ്പത്തിക വിദഗ്ദ്ധന്‍, മാതൃകാ അധ്യാപകന്‍, പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍, രാജ്യത്തിന്റെ ധനകാര്യമന്ത്രി എന്നിങ്ങനെ പല നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. ഒരു സാധാരണ ഗ്രാമീണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വന്തം ധിഷണയുടെ ബലത്തിലാണ് പ്രശസ്തമായ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഐ എം ഡി ലിറ്റില്‍ എന്ന വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്റെ വിദ്യാര്‍ത്ഥിയായി തന്റെ ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കിയത്. കയറ്റുമതിക്ക് ഊന്നല്‍ നല്‍കുന്ന ഒരു സാമ്പത്തിക നയം വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധത്തിലെ പ്രമേയം.
സ്വാതന്ത്ര്യം നേടിയശേഷം രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ കീഴില്‍, അടിസ്ഥാന-ഘന വ്യവസായങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഉദ്യമങ്ങള്‍ക്കാണ് ഇന്ത്യയിലെ ആസൂത്രണ പ്രക്രിയ പ്രാമുഖ്യം നല്‍കിയത്. ഡോ. മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക കാര്യങ്ങളിലെ അഭിപ്രായമാകട്ടെ, തന്റെ ഗവേഷണ പ്രബന്ധത്തില്‍ എന്നപോലെ, തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെപ്പോലെ ഇന്ത്യയും കയറ്റുമതിയില്‍ അധിഷ്ഠിതമായ സാമ്പത്തികനയം സ്വീകരിക്കണം എന്നതായിരുന്നു.
ഗവേഷണം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഡോ. മന്‍മോഹന്‍ സിംഗ് പഞ്ചാബ് സര്‍വ്വകലാശാലയിലും പിന്നീട് പ്രൊഫ. കെ എന്‍ രാജിനൊപ്പം ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അധ്യാപകനായി. അക്കാദമിക മേഖലയില്‍ നല്ല രീതിയില്‍ ശോഭിക്കുമ്പോഴാണ് അദ്ദേഹം അന്താരാഷ്ട്ര സംഘടനകളിലും പിന്നീട് ഇന്ത്യന്‍ സര്‍ക്കാരിലും സാമ്പത്തിക നയരൂപീകരണ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗങ്ങള്‍ സ്വീകരിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക നയ രൂപീകരണത്തില്‍ കാതലായ പങ്കു വഹിക്കുന്ന എല്ലാ പദവികളും വഹിച്ച മറ്റൊരു വ്യക്തി ഇല്ലെന്നുതന്നെ പറയാം. കേന്ദ്ര ധനകാര്യ സെക്രട്ടറി, റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍, ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍, പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, പി വി നരസിംഹ റാവു മന്ത്രിസഭയിലെ ധനകാര്യമന്ത്രി എന്നിങ്ങനെ എല്ലാ സുപ്രധാന ചുമതലകളും ഡോ. മന്‍മോഹന്‍ സിംഗ് നിര്‍വ്വഹിച്ചു.
1980 കളുടെ അവസാന ഘട്ടത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ് സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായും സേവനമനുഷ്ഠിച്ചു. 1991 ല്‍ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയാകുന്നതിനു തൊട്ടുമുമ്പ് കുറച്ചുകാലം ഡോ. മന്‍മോഹന്‍ സിംഗ് യു ജി സി ചെയര്‍മാന്‍ എന്ന ചുമതലയും വഹിച്ചിരുന്നു. രാജ്യത്തിന്റെ ധനമന്ത്രി ആയി നിയോഗിക്കപ്പെട്ടതിനാല്‍ ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അദ്ദേഹത്തിന്റെ പ്രാവീണ്യം പ്രയോജനപ്പെടുത്താനുള്ള അവസരം നഷ്ടപ്പെട്ടു എന്ന് വേണമെങ്കില്‍ പറയാം.
2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ നമ്മുടെ രാജ്യത്തെ വോട്ടര്‍മാര്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യത്തില്‍ ആകൃഷ്ടരാകാതെ, അന്നത്തെ ഭരണകക്ഷിയെ അധികാരത്തില്‍ നിന്നും മാറ്റിയപ്പോള്‍ ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണയോടുകൂടി അധികാരത്തില്‍ വന്ന ഒന്നാം യു പി എ സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ നിയുക്തനായത് ഡോ. മന്‍മോഹന്‍ സിംഗ് ആയിരുന്നു. ഇടതുപക്ഷം മുന്നോട്ടുവെച്ച പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ആ സര്‍ക്കാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, വിവരാവകാശ നിയമം തുടങ്ങി നിരവധി ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നടത്തുകയുണ്ടായി.
ഡോ. മന്‍മോഹന്‍ സിംഗിന്റെയും അദ്ദേഹം നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാരിന്റെയും ചില നയങ്ങളില്‍ ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. എന്നിരിക്കിലും, ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിന് അദ്ദേഹമെടുത്ത നിലപാടുകള്‍ പ്രശംസനീയമാണ്. മതനിരപേക്ഷ മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന പ്രതിഭാശാലിയായ സാമ്പത്തിക ശാസ്ത്രജ്ഞന്‍, സൗമ്യനും നിശ്ചയദാര്‍ഢ്യമുള്ളവനുമായ ദേശസ്‌നേഹി, എന്നിങ്ങനെ പൊതുമണ്ഡലത്തില്‍ ശോഭിച്ച അനിതരസാധാരണനായ ഒരു വ്യക്തിയെയാണ് ഡോ. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ഡോ. മന്‍മോഹന്‍ സിംഗിന്റെ കുടുംബാംഗങ്ങളോടും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരോടും ആദരിക്കുന്നവരോടും അനുശോചനം അറിയിച്ചുകൊണ്ട് വാക്കുകള്‍ ഉപസംഹരിക്കുന്നു.