ബാറിൽ അശ്ലീല നൃത്തം ചെയ്തെന്ന് ആരോപിച്ച് ഡൽഹി പൊലീസ് ചുമത്തിയ കേസിൽ ഏഴ് സ്ത്രീകളെ ഡൽഹിയിലെ തിസ് ഹസാരി കോടതി വെറുതെ വിട്ടു. അൽപ വസ്ത്രം ധരിക്കുന്നതും പാട്ടിൻ്റെ താളത്തിൽ നൃത്തം ചവിട്ടുന്നതും എവിടെയായാലും ശിക്ഷാർഹമായ തെറ്റല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നീതു ശർമയാണ് വിധി പ്രസ്താവിച്ചത്.ഒരാളുടെ നൃത്തം മറ്റൊരാൾക്ക് ശല്യമായാൽ മാത്രമേ അത് കുറ്റകരമാകൂവെന്നും കോടതി വിധിയിൽ വ്യക്തമാക്കി. 2024 മാർച്ച് മൂന്നിന് രാത്രി 12.30 യ്ക്ക് രാജ്‌ഗുരു റോഡിലെ ഇംപീരിയ സിനിമയ്ക്ക് എതിരെയുള്ള ബാറിൽ യുവതികൾ അശ്ലീല നൃത്തം ചവിട്ടിയെന്നാണ് കേസ്. ഇവിടെ പട്രോളിംഗ് നടത്തിയ എസ്ഐയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.പഹർഗഞ്ച് പൊലീസ് സ്റ്റേഷനിൽ ഐപിസി 294 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുകയും അശ്ലീലമായി പെരുമാറുകയും ചെയ്യുന്നത് കുറ്റകൃത്യമെന്ന് വ്യക്തമാക്കുന്നതാണ് ഈ ചട്ടം. മൂന്ന് മാസം വരെ തടവാണ് ശിക്ഷ.