രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി കേരള ക്രിക്കറ്റ് ടീമിന് ആശംസ അറിയിച്ചത്.‘ഒരു ടീം എന്ന നിലയിൽ നമ്മുടെ കളിക്കാർ കാഴ്ചവെച്ച പോരാട്ടവീര്യവും കെട്ടുറപ്പുമാണ് ഈയൊരു നേട്ടത്തിനു പിന്നിലെ ചാലകശക്തി’ മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ഗുജറാത്തിനെതിരായ സെമി ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കേരളം ഫൈനലിൽ കടന്നത്. ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിലെത്തിച്ചത്. രണ്ടാം ഇന്നിങ്സിൽ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് കേരളം രഞ്ജി ഫൈനലിൽ പ്രവേശിക്കുന്നത്. രണ്ടാം സെമിയിൽ മുംബൈയെ 80 റൺസിന് പരാജയപ്പെടുത്തി വിദർഭയും ഫൈനലിലെത്തി. ബുധനാഴ്ച നാഗ്പൂരിലാണ് ഫൈനൽ.