കളഞ്ഞുകിട്ടിയ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മുകളില്‍നിന്നും പണം തട്ടിയ കേസില്‍ ബ്ലോക്ക് പഞ്ചായത്ത് വനിത അംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റിൽ.ബ്ലോക്ക് പഞ്ചായത്ത് ചെങ്ങന്നൂർ തിരുവന്‍വണ്ടൂര്‍ ഡിവിഷനില്‍നിന്നുള്ള ബി.ജെ.പി. അംഗം തിരുവന്‍വണ്ടൂര്‍ വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42), കല്ലിശ്ശേരി വല്യത്ത് ലക്ഷ്‌മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരെയാണ് പണം അപഹരിച്ചതിന് ചെങ്ങന്നൂര്‍ പൊലിസ് അറസ്‌റ്റ് ചെയ്‌തത്. വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. എന്നാല്‍, തനിക്കു പരാതിയില്ലെന്നു വിനോദ് ഏബ്രഹാം ഇന്നലെ കോടതിയില്‍ അറിയിച്ചതിനെത്തുടർന്ന് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു.കഴിഞ്ഞ 14ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്ബോഴാണ് വിനോദിന്റെ എ.ടി.എം കാര്‍ഡ് അടങ്ങിയ പേഴ്‌സ് നഷ്‌ടമായത്. വഴിയില്‍നിന്നു പഴ്‌സ് ലഭിച്ച ഓട്ടോ ഡ്രൈവറായ സലിഷ്‌മോന്‍ ഇക്കാര്യം സുഹൃത്തായ സുജന്യയെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂര്‍, പാണ്ടനാട്, എന്നിവിടങ്ങളിലെ എ.ടി.എം. കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. എ.ടി.എം. കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്ബര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ ലഭിച്ചതോടെ വിനോദ് പോലിസില്‍ പരാതി നല്‍കി. നഷ്‌ടമായ പേഴ്‌സ് പിന്നീട് കല്ലിശ്ശേരി-ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.സി.ഐ: എ.സി. വിപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്‍ എ.ടി.എം. കൗണ്ടറുകളുടെയും സമീപത്തുള്ള വ്യാപാര സ്‌ഥാപനങ്ങളിലെയും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദ്യശ്യങ്ങളും എ.ടി.എം. കൗണ്ടറിലെ ദൃശ്യങ്ങളും തെളിവായി ലഭിച്ചു. സ്‌കൂട്ടര്‍ നമ്ബര്‍ നമ്ബര്‍ മനസിലാക്കി ആദ്യം സലിഷിനെയും തുടര്‍ന്ന് സുജന്യയെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സുജന്യ ഗോപിയെ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തു. തുടര്‍ന്ന് ഇവര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു.