9 മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടന്ന സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരായി തിരികെ ഭൂമിയിലെത്തിയതിന്റെ ആഘോഷം ഇന്ത്യയിലും.സുനിത വില്യംസിൻറെ പൂർവികരുടെ ജന്മനാടായ ഗുജറാത്തിലെ ജുലാസൻ ഗ്രാമത്തിലാണ് സുനിതയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നത്. പടക്കം പൊട്ടിച്ചും ആഹ്ലാദനൃത്തം ചവിട്ടിയുമാണ് ഗ്രാമവാസികള്‍ സുനിതയുടെ തിരിച്ചുവരവ് ആഘോഷിച്ചത്.ഗുജറാത്തിലെ ജുലാസൻ എന്ന ഗ്രാമത്തിലാണ് സുനിതയുടെ പൂർവികള്‍ ജനിച്ച് വളർന്നത്. സുനിതയുടെ അച്ഛൻ ദീപക് പാണ്ഡ്യ ഒരു ന്യൂറോസയന്റിസ്റ്റ് ആയിരുന്നു. അദ്ദേഹവും ഭാര്യയുമാണ് ഇവിടെ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. അച്ഛനും, മുത്തശ്ശിയും മുത്തശനുമെല്ലാം പിന്നീട് പലതവണ ഈ ഗ്രാമത്തിലേക്കെത്തിയിരുന്നു. 1972, 2007, 2013 വർഷങ്ങളില്‍ ഇവർ ജുലാസൻ ഗ്രാമം സന്ദർശിച്ചിരുന്നു. സുനിതയുടെ മുത്തച്ഛന്റെയും മുത്തശിയുടെയും പേരില്‍ ഇവിടെ ഒരു ലൈബ്രറിയുമുണ്ട്. 2020ലാണ് സുനിതയുടെ മുത്തച്ഛൻ അന്തരിച്ചത്.ഏകദേശം 7000 പേരാണ് ജുലാസൻ ഗ്രാമത്തിലുള്ളത്. ഐഎസ്‌എസില്‍ തങ്ങിപ്പോയ സുനിതയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി പ്രദേശവാസികള്‍ ദിവസവും പ്രാർത്ഥനകള്‍ നടത്തിയിരുന്നു.