എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികം; വിപുലമായ ആഘോഷ പരിപാടികൾ

രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശന- വിപണന മേളകളുമുണ്ടാകും.

ജില്ലാതല യോഗങ്ങൾ

ഏപ്രിൽ 21 – കാസർഗോഡ്
ഏപ്രിൽ 22 – വയനാട്
ഏപ്രിൽ 24 – പത്തനംതിട്ട
ഏപ്രിൽ 28 – ഇടുക്കി
ഏപ്രിൽ 29 – കോട്ടയം
മെയ് 5 – പാലക്കാട്
മെയ് 6 – കൊല്ലം
മെയ് 7 – എറണാകുളം
മെയ് 12 – മലപ്പുറം
മെയ് 13 – കോഴിക്കോട്
മെയ് 14 – കണ്ണൂർ
മെയ് 19 – ആലപ്പുഴ
മെയ് 20 – തൃശ്ശൂർ
മെയ് 21 – തിരുവനന്തപുരം

ഇതിനുപുറമെ സംസ്ഥാന തലത്തിൽ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർത്ഥികളുമായും സയൻസ് & ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും ചർച്ച നടത്തും.

സംസ്ഥാനതല യോഗങ്ങൾ

മെയ് 3 – യുവജനക്ഷേമം – കോഴിക്കോട്
മെയ് 4 – വനിതാവികസനം – എറണാകുളം
മെയ് 10 – സാംസ്കാരികം – തൃശൂർ
മെയ് 11 – ഉന്നതവിദ്യാഭ്യാസരംഗം – കോട്ടയം
മെയ് 17 – പ്രൊഫഷണലുകളുമായി ചർച്ച – തിരുവനന്തപുരം
മെയ് 18 – പട്ടികജാതി – പട്ടികവർഗ്ഗം – പാലക്കാട്

പ്രദർശനങ്ങൾക്ക് പുറമെ ചർച്ചകൾ, കായിക മത്സരങ്ങൾ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും.

പരിപാടികൾക്ക് ജില്ലാതല സംഘാടക സമിതികൾ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ ചെയർമാനും ജില്ലാ കളക്ടർ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആവശ്യമായ മാർഗനിർദ്ദേശങ്ങളും തുടർ നടപടികളും സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മേഖലാ അവലോകന യോഗങ്ങൾ

ഭരണ നേട്ടങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളിൽ പുരോഗമിക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടങ്കിൽ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ നടത്തും. മെയ് മാസത്തിൽ നാല് മേഖലകളിലാണ് യോഗം ചേരുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പദ്ധ്യക്ഷൻമാരും ചേർന്ന് ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തും. ഭരണപരമോ, സാങ്കേതികമോ ആയ തടസ്സങ്ങൾ നേരിടുന്നുണ്ടങ്കിൽ അവ കണ്ടെത്തി പരിശോധിച്ച് പരിഹാരം കാണും. 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടർച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്.

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം കണ്ണൂർ ജില്ലയിലും, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളുടെ യോഗം പാലക്കാടും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം കോട്ടയം ജില്ലയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം തിരുവനന്തപുരം ജില്ലയിലും നടത്തും.

2023 ലെ അവലോകന യോഗത്തിൽ പരിഗണിച്ചവയിൽ ഇനിയും പൂർണ്ണമായും പരിഹരിക്കാത്ത വിഷയങ്ങളും മുഖ്യമന്ത്രി എം.എൽ.എ. മാരുമായി നടത്തിയ യോഗത്തിൽ എം.എൽ.എമാർ ഉന്നയിച്ച മണ്ഡലങ്ങളിലെ പ്രധാന വികസന പ്രവർത്തനങ്ങൾ, നവകേരള സദസ്സിന്റെ ഭാഗമായി നിയോജകമണ്ഡലത്തിൽ നടത്താനുദ്ദേശിക്കുന്ന പദ്ധതി, ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണം എന്നിങ്ങനെ മൂന്ന് ഗണത്തിൽപ്പെടുന്ന വിഷയങ്ങൾ മേഖലാ അവലോകന യോഗങ്ങളിൽ പരിഗണിക്കും.

സർക്കാർ മുൻഗണന നൽകുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജനം, നവകേരള മിഷൻ (ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷൻ), മാലിന്യമുക്തം നവകേരളം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും.

മേഖലാ അവലോകന യോഗങ്ങൾ

08/05/2025 – പാലക്കാട് ( പാലക്കാട്, മലപ്പുറം തൃശ്ശൂർ ജില്ലകൾ)

15/05/2025 – തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട)

26/05/2025 – കണ്ണൂർ (കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്)

29/05/2025 – കോട്ടയം (എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം)

മേഖലാ അവലോകന യോഗങ്ങൾ സംഘടിപ്പിക്കുന്നതിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന്റെയും ചുമതല ചീഫ് സെക്രട്ടറിക്ക് നൽകി. മേഖലാ അവലോകന യോഗങ്ങൾ നടക്കുന്ന ജില്ലയിലെ ജില്ലാ കളക്ടർമാർക്ക് യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതലകൾ നൽകും. യോഗത്തിനായുള്ള സോഫ്റ്റ്വെയർ തയ്യാറാക്കുന്നതിന് ഇലക്ട്രോണിക്സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Leave a Reply

spot_img

Related articles

അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണം; കോട്ടയം ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച

സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച.ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽഉച്ചയ്ക്ക് 3ന് സഹകരണ -...

നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്

കോഴിക്കോട് നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്.കല്ലാച്ചിയിലെ ടെക്സ്റ്റൈൽ ഷോറൂമിലാണ് സംഭവം. 2 പേർ ഒരേ കളർ ഷർട്ട് എടുത്തതിനെത്തുടർന്നാണ് സംഘർഷമുണ്ടായത് എന്നും...

ആശാപ്രവർത്തകരും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയം; സമരം തുടരും

ആശാപ്രവർത്തകരും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയം. സമരം തുടരും.വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം. എൻ എച്ച് എം ഉദ്യോഗസ്ഥരുമായി ആശാവർക്കർ അസോസിയേഷൻ...

കോട്ടയത്ത് 5 സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ

കോട്ടയത്ത് 5 സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ. കൂരോപ്പട, മീനടം, അയർക്കുന്നം, പുതുപ്പള്ളി, കുറിച്ചി എന്നിവിടങ്ങളിലാവും വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലന...