പൈങ്കുനി ഉത്രം. മീനമാസത്തിലെ ഉത്രം നാളില്‍ ശബരീശന് പമ്പയില്‍ ആറാട്ട്.ശബരിമല ഉത്സവത്തിനു സമാപനം കുറിച്ച് രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് പുറപ്പെടും.ആറാട്ട് ഘോഷയാത്ര ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം, അപ്പാച്ചിമേട്, നീലിമല വഴി പമ്ബയിലെത്തും. ഗണപതികോവിലില്‍ ഇറക്കിയാണ് ആറാട്ട് കടവിലേക്ക് ദേവനെ എഴുന്നള്ളിക്കുന്നത്.ആറാട്ടിന് ശേഷം ശബരീശനെ പമ്ബാ ഗണപതി ക്ഷേത്രത്തിലെ മണ്ഡപത്തിലേക്ക് ആനയിക്കും. 3 വരെ പമ്ബ ഗണപതികോവിലില്‍ ദേവനെ എഴുന്നള്ളിച്ചിരുത്തും. ഈ സമയം ഭക്തർക്ക് പറ വഴിപാട് സമർപ്പിക്കാം. പൂജകള്‍ക്ക് ശേഷം നാലുമണിക്ക് ആറാട്ട് ഘോഷയാത്ര പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് തിരിക്കും. ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേർന്ന ശേഷം ശബരിമല തിരു ഉത്സവത്തിന് കൊടിയിറങ്ങും.തുടർന്ന്, മാസ പൂജയും വിഷു ഉത്സവവും കണക്കിലെടുത്ത് ഏപ്രില്‍ 18 വരെ ശബരിമലയില്‍ നട തുറന്നിരിക്കും.