വയനാട്ടിലെ ആരോഗ്യരംഗം ശക്തിപ്പെടുത്താൻ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വയനാട്ടിൽ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടിലെ ഗോത്രവർഗ്ഗ മേഖലകൾ ഉൾപ്പടെ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്ക് അയച്ച കത്തിലാണ് പ്രിയങ്ക ഗാന്ധി ആവശ്യം ഉന്നയിച്ചത്. ഗോത്ര വർഗ്ഗ മേഖലയിൽ സിക്കിൾ സെൽ അനീമിയ വളരെ കൂടുതലാണ്. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യമൊരുക്കിയാണ് ഇവരെ ചികിത്സിക്കുന്നത്. മാറുന്ന ഭക്ഷണരീതികളും, പുകയിലയുടെ അമിത ഉപയോഗവും കാൻസർ പോലെയുള്ള മാരക രോഗവും കൂടുന്ന സാഹചര്യമുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും അവരുടെ മാനസിക ആരോഗ്യസ്ഥിതിയിൽ ആശങ്കാജനകമായ സാഹചര്യമുണ്ടാക്കുന്നുണ്ട്. വനമേഖലകളിൽ താമസിക്കുന്നവർ നേരിടുന്ന മനുഷ്യ വന്യജീവി സംഘർഷത്തിൽ ഉണ്ടാവുന്ന അടിയന്തിര സാഹചര്യങ്ങളും അവ നേരിടാനുള്ള ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രിയങ്ക കത്തിൽ ചൂണ്ടികാണിക്കുന്നു. ആദിവാസികൾക്കിടയിൽ ഉണ്ടാവുന്ന അനീമിയ ശിശുമരണ നിരക്കിൽ വർദ്ധനവ് ഉണ്ടാക്കുന്നുവെന്നും നവജാത ശിശുക്കളുടെ ഭാരക്കുറവിനു കാരണമാവുന്നുവെന്നും അവർ ചൂണ്ടിക്കാണിച്ചു. ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന മെഡിക്കൽ കോളേജ്, ജനറൽ, താലൂക്ക് ആശുപത്രികൾ ഉൾപ്പടെയുള്ള സംവിധാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അപര്യാപ്തതയുണ്ട്. നൂറു കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമേ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്താൻ സാധിക്കുകയുള്ളു. ഈ മേഖലകളിൽ ആംബുലൻസുകളും അപര്യാപ്തമാണെന്ന് പ്രിയങ്ക കത്തിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആദിവാസി സങ്കേതങ്ങളിൽ ക്യാമ്പുകൾ നടത്തുന്നുണ്ടെങ്കിലും അതും അപര്യാപ്തമാണ്. അത് കൊണ്ട് കൂട്ടായ പ്രവർത്തനം ഈ മേഖലയിൽ ആവശ്യമാണെന്ന് പ്രിയങ്ക കത്തിൽ ആവശ്യപ്പെട്ടു. മാനന്തവാടി മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങൾ തദ്ദേശീയർക്ക് ആശ്രയിക്കാൻ കഴിയുന്ന നിലയിൽ വർദ്ധിപ്പിക്കണമെന്നും, വിദഗ്ധ സമിതി നിർദ്ദേശിച്ചത് പോലെ വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയരായവർക്ക് ആദിവാസി മേഖലയിൽ പരിചരണം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു. പുകയിലയുടെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം കുറയ്ക്കുന്നതിനായി ആരോഗ്യ ക്യാമ്പുകളുടെ എണ്ണവും വ്യാപ്തിയും വർദ്ധിപ്പിക്കുകയും കൗൺസലിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. സിക്കിൾ സെൽ അനീമിയ പോലെയുള്ള രോഗങ്ങളും ക്യാൻസറും, പ്രത്യേകിച്ച് വായിലുള്ള ക്യാൻസർ, നേരത്തെ നിർണ്ണയിക്കുന്നതിന് ആരോഗ്യ ക്യാംപുകൾ സംഘടിപ്പിക്കുകയും പോഷകാഹാരകുറവ് പരിഹരിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികളും വേണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. ഫണ്ടുകളുടെ അപര്യാപ്തത മൂലം ഗർഭിണികളായ സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിനായി ജനനി സുരക്ഷാ പദ്ധതിയുടെ അവലോകനം അടിയന്തിരമായി നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പുരുഷന്മാർക്കിടയിൽ അനീമിയ പോലെയുള്ള രോഗങ്ങൾ വർദ്ധിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അനീമിയ മുക്ത ഭാരതം സ്‌കീം അയൺ ഫോളിക് ആസിഡ് മരുന്നുങ്കൽ കുട്ടികൾക്ക് ലഭ്യമാക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. കുട്ടികൾക്ക് ഈ മരുന്നുകളുടെ ചവർപ്പ് രുചി മൂലം അവർ അത് കഴിക്കാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ട്. ഇത് കണക്കിലെടുത്ത് കുട്ടികളെ മരുന്ന് കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്ന നിലയിൽ കാൻഡീസുകൾ പോലെയുള്ള ഗുളികകൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും പ്രിയങ്ക ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നു.