പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മാതാവ് ഹബീറ.വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ച്ചയാണ്.നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ല.എല്ലാവരും കൂടി കുഞ്ഞിനെ കടിച്ചു കീറി കൊന്നെന്നും മാതാവ് ഹബീറ പറഞ്ഞു.
ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിൽ നിയയുടെ ഖബറടക്കം നടത്തും.പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന നിയ ഫൈസൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്.കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ.കുട്ടി വെൻറിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്.ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം.ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്.