വെടിനിര്‍ത്തല്‍ കരാർ പാലിച്ച് ഇസ്രായേലും ഇറാനും. ഇതോടെ 12 ദിവസം നീണ്ടുനിന്ന സംഘർഷത്തിന് അറുതിയായി.ഇന്നലെ രാത്രിയും പുലർച്ചെയുമായി ഇരു രാജ്യങ്ങളിലും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ല. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇന്നലെ രാവിലെ കരാർ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് ശേഷവും ഇരുപക്ഷവും ആക്രമണം നടത്തിയിരുന്നു. പിന്നീട്, ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. അധിക്ഷേപ വാക്കുകളോടെയായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേലും ഇറാനും വിജയം അവകാശപ്പെട്ടു. ടെഹ്റാനില്‍ ജനങ്ങള്‍ ആഘോഷങ്ങള്‍ നടത്തി. തലമുറകളോളം നിലനില്‍ക്കുന്ന വിജയമാണ് ഇതെന്ന് നെതന്യാഹു അവകാശപ്പെട്ടു. ജൂണ്‍ 13-ന് ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇറാനില്‍ 13 കുട്ടികള്‍ ഉള്‍പ്പെടെ 610 പേര്‍ കൊല്ലപ്പെടുകയും 3,056 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേലില്‍ 28 പേരും കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ ഇറാൻ വ്യോമാതിർത്തി അടച്ചിടും.

