ആവിയില്‍ വെച്ചുണ്ടാക്കുന്ന വെളുത്തനിറത്തില്‍ വട്ടത്തിലുള്ള ഇഡ്ഡലി തികച്ചും ദക്ഷിണേന്ത്യന്‍ പലഹാരമാണെന്ന് ചരിത്രരേഖകള്‍ പറയുന്നു. മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും പ്രാതലിനായി ഇഡ്ഡലി കഴിക്കുന്നവരാണ്. തേങ്ങാചട്ണിയും ചമ്മന്തിപ്പൊടിയും സാമ്പാറുമാണ് ഇഡ്ഡലിയുടെ കറികള്‍. ഓരോ ഇഡ്ഡലിയിലും ഏതാണ്ട് 40 കലോറിയുണ്ടാകും. ഇഡ്ഡലിയില്‍ കൊഴുപ്പില്ല, പ്രോട്ടീനുണ്ട്, ഫൈബറുണ്ട്, കാര്‍ബോഹൈഡ്രേറ്റുണ്ട്. കൂടാതെ ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ തുടങ്ങിയവയും ചെറിയ അളവിലുണ്ട്. സാമ്പാറില്‍ കുതിര്‍ത്ത സാമ്പാര്‍ ഇഡ്ഡലി, രസത്തില്‍ ഇട്ട രസഇഡ്ഡലി, റവഇഡ്ഡലി, ആന്ധ്രയിലെ നെയ്ഇഡ്ഡലി, ഉലുവഇഡ്ഡലി തുടങ്ങി ഇഡ്ഡലികളും പലതരം. കേരളത്തിലെ പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമം ഇഡ്ഡലിക്ക് പേരുകേട്ടതാണ്. വിറകടുപ്പില്‍ പാകം ചെയ്യുന്ന ഈ ഇഡ്ഡലിക്ക് ഒരു പ്രത്യേക രുചിയാണ്. വിദേശികള്‍ പോലും രാമശ്ശേരി ഇഡ്ഡലിയുടെ ആസ്വാദകരാണ്.