മെലിഞ്ഞ നിറം മങ്ങാത്ത ചിരി

ഓർമക്കുറിപ്പ്

എല്ലാവർക്കുമുണ്ടാകും, ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളും വ്യക്തികളും. സ്നേഹത്തിന്റെ തീനാളമായി എരിഞ്ഞണഞ്ഞ ഒരാളുടെ ഓർമയാണിത്. ഒരു കാലഘട്ടത്തിലെ, എന്റെ ഗ്രാമത്തിലെ എന്റെ പ്രായക്കാരായ കുറേപ്പേരുടെ ആത്മകഥ കൂടിയാണിത്

തന്റെ മകനോടൊപ്പം, ലോകത്തെ എല്ലാ പ്രവാസികളായ മക്കൾക്കും വേണ്ടി പ്രാർഥിക്കുന്ന ഒരു ഉമ്മയുണ്ട് പി.ടി. കുഞ്ഞിമുഹമ്മദിന്റെ ‘ഗർഷോം’ എന്ന സിനിമയിൽ. നെഞ്ചിനകത്തുനിന്നു വരുന്ന ആ പ്രാർഥനയിൽ കരളുലയാത്തവരുണ്ടാകില്ല. എനിക്കെന്നപോലെ, ഉള്ളിൽ ആർദ്രതയുള്ള ആർക്കും തുടർന്ന് ഏതാനും നിമിഷങ്ങൾ കാഴ്ചയെ മറച്ചുകൊണ്ട് കണ്ണുകളിൽ നീർമൂടിയിട്ടുണ്ടാകണം.

അമ്മമാർക്ക് മക്കളുടെ പ്രായമുള്ളവരെല്ലാം മക്കൾ തന്നെയാണ്. മക്കളുടെ കൂട്ടുകാരെ അവരെപ്പോലെ തന്നെ അമ്മ സ്നേഹിച്ചെന്നിരിക്കും. ലോകത്തെല്ലാ മക്കളെയും സ്വന്തമായി കരുതാനുള്ള മനസ്സുള്ള, അവരെ ഹൃദയംതുറന്നു സ്നേഹിച്ച ഗർഷോമിലെ ഉമ്മയെപ്പോലൊരുമ്മ എനിക്കുണ്ടായിരുന്നു. യാത്ര പറയാനാവാതെ അപ്രതീക്ഷിതമായി അപ്രത്യക്ഷയായ എന്റെ ഉമ്മ.

താഴ്ന്ന ക്ലാസിലെ കൂട്ടുകാരൻ നസീറിനോടൊപ്പമാണ് ഞാൻ ആ വീട്ടിലെത്തുന്നത്. രണ്ടു മുറി മാത്രമുള്ള ആ വീടിന് പൂട്ടിയിടാവുന്ന വിധം വാതിലുകളുണ്ടായിരുന്നില്ല. ചുമരുകൾ മണ്ണോ സിമന്റോ കൊണ്ട് മിനുസപ്പെടുത്തിയിരുന്നില്ല. ഇരിക്കാൻ കസേരയോ നാൽക്കാലിപ്പലകയോ ഉണ്ടായിരുന്നില്ല. നിലം കാവിയോ സിമന്റോ ഇട്ട് മിനുക്കിയിരുന്നില്ല. ഈ വീട്ടിലേക്ക് കൂട്ടുകാരൻ മടിയില്ലാതെ കൂട്ടിക്കൊണ്ടുവന്നത് എന്നെ അദ്ഭുതപ്പെടുത്തി.

‘‘ദാ മോനേ കട്ടഞ്ചായ.’’

പുള്ളി പോളിസ്റ്റർ ലുങ്കിയും കടുംനിറമുള്ള ജംബറുമിട്ട മെലിഞ്ഞ സ്ത്രീ, നിറഞ്ഞ ചിരിയോടെ ചായ ഗ്ലാസ് നീട്ടി. ഞാനത് കൈനീട്ടി വാങ്ങിയപ്പോൾ ഉമ്മ വീണ്ടും കൈ നീട്ടി, ഞാൻ ചൂടുള്ള ചായ ഗ്ലാസ് ഇടതു കൈയിലേക്കു മാറ്റി വലതുകൈ നീട്ടി. എന്റെ ഉള്ളംകൈയിലേക്ക് അവർ വെച്ചു തന്നത് ഒരു അച്ച് ശർക്കരയുടെ പാതിയായിരുന്നു. മറ്റേ പാതി മകന്റെ കൈയിലും വെച്ചുകൊടുത്തു.

‘‘പഞ്ചസാരയില്ല മോനേ.’’

ഞാൻ മധുരമില്ലാത്ത കട്ടൻ ചായയ്ക്ക് ശർക്കര കടിച്ചുകൂട്ടി മധുരം വരുത്തി. അപാരമായ രുചിയുണ്ടായിരുന്നു, ആ ചായയ്ക്ക്. പഞ്ചസാരയല്ല, അതിൽ സ്നേഹം ചാലിച്ചു ചേർത്തിരുന്നു.

അവിടെ നിന്നു മടങ്ങുമ്പോൾ എന്റെ കാതുകളിൽ ‘മോനേ’ എന്ന ആർദ്രമായ വിളിയുണ്ടായിരുന്നു. ഒരു പക്ഷേ, ഇത്രമാത്രം സ്നേഹത്തോടെ എന്നെ വേറെയൊരാൾ മുമ്പ് അങ്ങനെ വിളിച്ചിട്ടില്ലായിരുന്നു. ‘മോനേ’ എന്ന വിളി ഞങ്ങളുടെ നാട്ടിൽ അക്കാലത്ത് പതിവുള്ളതുമായിരുന്നില്ല.

കണ്ണൂരിൽ നിന്നാണ് അക്കാലത്ത് നസീറും കുടുംബവും പന്തലൂരെത്തിയത്. ഉമ്മ നബീസ കണ്ണൂരുകാരിയാണ്. ഉപ്പ കെ.ടി. അബ്ദുറഹ്മാൻ ഞങ്ങളുടെ നാട്ടുകാരനും. ജ്യേഷ്ഠൻ ബഷീർ, അനുജൻ ബദറുദ്ദീൻ.

പുസ്തകം, സിനിമ

മലയാളത്തിലിറങ്ങുന്ന ഒട്ടുമിക്ക ആഴ്ചപ്പതിപ്പുകളും ബാലമാസികകളും ആ വീട്ടിൽ എത്താറുണ്ടായിരുന്നു. പുസ്തകങ്ങൾ തേടി അക്കാലത്ത് പല വീടുകളിലും ഞാൻ എത്തിയിരുന്നു. നസീറുമായി സൗഹൃദം സ്ഥാപിച്ചതും അങ്ങനെയായിരിക്കണം. സ്കൂൾ കാലത്തു തന്നെ സൗഹൃദം തുടങ്ങിയിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന കാലമായിരുന്നു, അത് കൂടുതൽ ദൃഢമായത്.

അക്കാലത്തെ സ്കൂൾബാഹ്യ കൂട്ടുകാരുടെ സംഘത്തിൽ അംഗമാണ് നസീർ. മീശക്കാരന്റെ സുൽഫി, തട്ടാൻ സുര, തട്ടാൻ ദാസൻ, പീച്ച നാസർ, തോട്ട്ങ്ങലെ മൊയ്തീൻ, വാച്ച കുഞ്ഞിമുഹമ്മദ്, ലോലൻ നാസർ, ഫീലിങ് അബ്ബാസ്, തച്ചങ്ങോടൻ മുസ്തഫ തുടങ്ങി പത്തിലേറെ പേർ ചേർന്നതായിരുന്നു ആ കൂട്ടുകെട്ട്. ഇരട്ടപ്പേരുകൾക്ക് ക്ഷമാപണം. അന്ന് അവരൊക്കെ അറിയപ്പെട്ട പേരുകളാണിവ. ഇവരിൽ ഏതാണ്ടെല്ലാവരും നസീറിന്റെ വീട്ടിലും സന്ദർശകരായിരുന്നു. ഉമ്മ വിളമ്പിത്തന്ന കഞ്ഞി നിലത്തു ലുങ്കി വിരിച്ചിരുന്ന് കുടിച്ചവർ. ചിലപ്പോൾ നല്ല കണ്ണൂർ സ്റ്റൈൽ മീൻ കറിയുണ്ടാവും. തൂവെള്ള ചോറിനും കാണാൻ തുമ്പപ്പൂ പോലെ ഭംഗിയാണ്. രണ്ടോ മൂന്നോ അയലകൊണ്ടാണ് കറിയുണ്ടാക്കുക. അത് ചെറുതായി മുറിച്ചിട്ടുണ്ടാവും. ഞാൻ ജീവിതത്തിൽ കഴിച്ച മീൻ കറികളിൽ ഏറ്റവും രുചികരം അതായിരുന്നു. ഇപ്പോഴും നാവിൻതുമ്പിൽ മായാതെയുള്ള മാന്ത്രിക രുചി.

പല ഭാഗങ്ങളിലുള്ള ഈ കൂട്ടുകാരെല്ലാവരും ചില അവധി ദിവസങ്ങളിൽ വീട്ടിലേക്കൊരു വരവുണ്ട്. നസീറിന്റെ വീട്ടിൽ നിന്നും ഏറെ അകലെയാണ് എന്റെ വീട്. പുഴയുടെ തീരത്താണ് അത്. വീട്ടിലെ തോർത്തുകളെല്ലാം പെറുക്കി പുഴയിലേക്കൊരു പോക്കാണ്. തികയാതെ വന്നാൽ വെള്ളത്തിൽ ഇറങ്ങിയ ആൾ തോർത്തഴിച്ച് കരയിലേക്കെറിയും. സ്വന്തമായി തോർത്തു കിട്ടാൻ ഞാനും നസീറും എപ്പോഴും ഒടുവിലാണ് വെള്ളത്തിലിറങ്ങുക.

രാത്രിയിൽ സംഘം ചേർന്ന് സൈക്കിളിൽ സിനിമയ്ക്കു പോകുന്നതാണ് മറ്റൊരു വിനോദം. മഞ്ചേരിയിലേക്ക് ജീപ്പിനോ ബസ്സിനോ പോയി സെക്കന്റ് ഷോ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുന്നത് സ്ഥിരം പരിപാടിയായിരുന്നു. പാണ്ടിക്കാടും മഞ്ചേരിയും പെരിന്തൽമണ്ണയുമായിരുന്നു തിയറ്ററുകൾ. മുതിർന്ന സുഹൃത്തുക്കൾ അജയനും വാസുവും ശശിയും ഈ സംഘത്തിൽ ചേർന്നിരുന്നു.

ക്രമേണ നസീറിന്റെ ജ്യേഷ്ഠൻ ബഷീറും ചിലപ്പോഴൊക്കെ ഒപ്പം ചേർന്നു.

എനിക്ക് ആദ്യ കഥാപുരസ്കാരം കിട്ടിയത് മലപ്പുറം ഗവണ്മെന്റ് കോളേജിൽ പഠിക്കുമ്പോഴാണ്. സരണി സർഗവേദി എന്ന സംഘടന സംസ്ഥാന തലത്തിൽ നടത്തിയ കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം. ഉമ്മയുടെ നിർദ്ദേശ പ്രകാരം നസീർ അവാർഡ് വാങ്ങാൻ കൂടെപ്പോന്നു. സുൽഫിയെയും നാസറിനെയും ഒപ്പം കൂട്ടിയത് നസീറാണ്.

ഒരു സിനിമാക്കഥ

വീട്ടിലേക്കുള്ള നടത്തത്തിലും വീട്ടിലും തിരിച്ചുമെല്ലാം ഞങ്ങളുടെ സംസാരം വായിച്ച കഥകളെക്കുറിച്ചോ പുതിയ സിനിമകളെക്കുറിച്ചോ ആയിരുന്നു. പലപ്പോഴും ഉമ്മയും ഈ ചർച്ചകളിൽ പങ്കെടുത്തു. നസീറും ബഷീറും മോഹൻലാലിന്റെ കടുത്ത ആരാധകരായിരുന്നു. ഉമ്മയ്ക്ക് മമ്മൂട്ടിയെ ആയിരുന്നു ഇഷ്ടം. പെരിന്തൽമണ്ണയ്ക്ക് മാറ്റിനിക്കു പോകുമ്പോൾ ചിലപ്പോഴൊക്കെ ഉമ്മയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പൂവിനു പുതിയ പൂന്തെന്നൽ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഒന്നിങ്ങുവന്നെങ്കിൽ, ന്യൂഡൽഹി, യാത്ര, നിറക്കൂട്ട് തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളും കമലഹാസന്റെ ഇന്ദ്രൻ ചന്ദ്രൻ തുടങ്ങിയ തമിഴ് പടങ്ങളും പെരിന്തൽമണ്ണയിലെ തിയറ്ററുകളിൽ നിന്നാണ് കണ്ടത്. മഞ്ചേരിയിൽ നിന്നു കണ്ട മോഹൻലാലിന്റെ ‘ഉയരും ഞാൻ നാടാകെ’ ഉമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതു പറഞ്ഞതിന് വീട്ടിലെ ‘ലാൽ ഫാൻസ്’ ഉമ്മയോടു തർക്കിക്കുകയും പിണങ്ങുകയും ചെയ്തു. പകരം വീട്ടാനായി മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ലെന്ന് ഇരുവരും തറപ്പിച്ചു പറഞ്ഞു. ഉമ്മ ‘അലകടലിനക്കരെ’യിലെ താരാദാസിന്റെ മുന്നിൽ പകച്ചു നിൽക്കുന്ന മോഹൻലാലിനെക്കുറിച്ചു പറഞ്ഞ് തിരിച്ചടിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ഉമ്മയ്ക്ക് സഹായത്തിന് ഞാനാണുണ്ടാവുക. ഒരു മീഡിയം മമ്മൂട്ടി പക്ഷക്കാരനായി ഞാൻ നിൽക്കും.

ആയിടയ്ക്ക് കരിമ്പിൻ പൂവിനക്കരെ, അടിയൊഴുക്കുകൾ തുടങ്ങിയ മൾട്ടി സ്റ്റാർ സിനിമകൾ ഇറങ്ങി. ഞങ്ങൾ മഞ്ചേരിയിൽ പോയി രണ്ടു സിനിമകളും കണ്ടിരുന്നു. അടിയൊഴുക്കുകൾ കണ്ട ദിവസം നസീറിന്റെ വീട്ടിൽ തന്നെയാണ് ഉറങ്ങിയത്. തലേന്ന് തുടങ്ങിയ തർക്കം പിറ്റേന്നും തുടർന്നു. ചിത്രത്തിൽ ലാൽ അത്ര നന്നായില്ല എന്നായിരുന്നു ഉമ്മയുടെയും എന്റെയും പക്ഷം. മമ്മൂട്ടിയുടെ കരണേട്ടനും ചന്ദ്രുവായി റഹ്മാന്റെ അഭിനയവുമൊക്കെ അസ്സലായി. മമ്മൂട്ടി വെള്ളത്തിൽ വീഴുന്ന നേരത്തുള്ള ലാലിന്റെ ഭാവമൊന്നും ശരിയായില്ല എന്നൊക്കെ ഞങ്ങൾ തർക്കത്തിനിടയിൽ പറഞ്ഞു. അതോടെ അതുവരെ കരണൻ നന്നായി എന്നു സമ്മതിച്ച ചേട്ടനും അനിയനും മമ്മൂട്ടി പരമബോറായി എന്നും മദ്യപിച്ച രംഗം അങ്ങനെയല്ല ചെയ്യേണ്ടത് എന്നുമൊക്കെ ഉറക്കെ പറഞ്ഞു. വെള്ളമടിച്ച സീനൊക്കെ മോഹൻലാൽ ചെയ്യണമെന്നും പറഞ്ഞ് നസീർ വിരൽ ഞൊടിച്ചു. (ഇത്തരം ചർച്ചകൾക്കിടയിൽ ചില അയൽക്കാരൊക്കെ വേലിക്കരുകിൽ പതുങ്ങിനിന്ന് കാതോർക്കുന്നതു കണ്ടിട്ടുണ്ട്‌. ‘ഇപ്പൊ അടി നടക്കും’ എന്ന് ആർക്കും തോന്നിപ്പോകും വിധമായിരിക്കും ബഹളം. നസീറിന്റെ ശബ്ദമായിരിക്കും മുകളിൽ. പക്ഷേ, ‘‘ഒന്നു പതുക്കെ പറയ്‌ നശീറേ’’ എന്ന ഉമ്മയുടെ ശബ്ദം ചിലപ്പോൾ അതിനും മുകളിൽ കേൾക്കാം.

കരണേട്ടനെ രക്ഷിച്ചെടുക്കാനുള്ള എന്റെ ശ്രമം ഒടുവിൽ അവസാനിച്ചത് കരണക്കുറ്റിക്കു കിട്ടിയ ഒരു അടിയോടെയാണ്. അന്തോണിച്ചന്റെ വീടിനടുത്തെ കുളത്തിൽനിന്ന് കുളിയും കഴിഞ്ഞ് ഉച്ചഭക്ഷണവും കഴിച്ച് ഞാനും നസീറും പുറത്തേക്കിറങ്ങി. ആശാരി ചന്ദ്രേട്ടന്റെ വീടു കഴിഞ്ഞ ഇടവഴിയിൽ വെച്ചാണ് അതുണ്ടായത്. പുറകിൽ നടന്ന എന്നെ നസീർ തിരിഞ്ഞുനിന്ന് ഒറ്റയടി. ഞാൻ നിലത്തു വീണു. എനിക്ക് ചിരിയാണു വന്നത്. അവനെ ശരിക്കറിയാവുന്നതുകൊണ്ട് ദേഷ്യം തോന്നിയതുമില്ല. ആരെങ്കിലും കണ്ടോ എന്നു ചുറ്റും നോക്കി മെല്ലെ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ പേടിയോടെ അവൻ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. പിന്നീട് ഈ സംഭവം നാട്ടിൽ പാട്ടാക്കിയത് ഞാൻ തന്നെയായിരുന്നു. ഞങ്ങൾ പിണങ്ങിക്കാണുമെന്നു പേടിച്ച് ഉമ്മ ബഷീറിനെ വിട്ട് എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. ഞാനന്ന് നാട്ടിലെ ഊട്ടുപുറത്ത് ശശിയുടെ ‘സരിത’ പ്രസ്സിൽ ജോലി ചെയ്യുകയാണ്.

‘‘നിയ്യെന്താ കുറച്ചു ദിവസായി വീട്ടിലേക്ക് വരാത്തത്? ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഉമ്മ പറഞ്ഞയച്ചതാണ്.’’

ബഷീർ പറഞ്ഞു.

ഞങ്ങൾ ഒന്നിച്ചിറങ്ങി. ആറു കഷ്ണമാക്കി മുറിച്ച അയലക്കറിയുമായി ഉമ്മ കാത്തിരിക്കുന്നു.

‘‘നിയ്യെന്താ മോനേ ഉമ്മാന്യൊക്കെ മറന്നോ!’’

എന്ന ആമുഖത്തോടെ ഉമ്മ ചോറുവിളമ്പി.

നസീർ വഴിയിലിട്ടു തല്ലിയതിന് ഉമ്മ ക്ഷമപറഞ്ഞു.

‘‘ഓനിന്റെ അനിയനല്ലേ. ഓനൊരു ചൂടനാന്നറിയൂലേ. മോനൊന്നും മനസ്സില് വെക്കര്ത്ട്ടോ.’’

ഉമ്മ പറഞ്ഞു.

ഞാനതൊക്കെ അപ്പഴേ മറന്നു. ‘ചങ്ങായിമാരാവുമ്പൊ അതൊക്കെ ഉണ്ടാവും’ എന്നു പറയാൻ തുടങ്ങിയതാണ്.

കണ്ണു നിറഞ്ഞു തുളുമ്പാൻ നിൽക്കുന്ന ആ നേരത്ത് ഞാൻ മൂളിയതേയുള്ളൂ.

പിന്നീട് പലപ്പോഴും ഉമ്മ ഈ സംഭവം പറഞ്ഞു ചിരിക്കാറുണ്ടായിരുന്നു.

കോഴിക്കോട്ടങ്ങാടിക്കപ്പുറം

ഞാൻ ആദ്യമായി കോഴിക്കോട് നഗരത്തിനപ്പുറം സഞ്ചരിക്കുന്നത് ഈ കുടുംബത്തോടൊപ്പമാണ്. ഒരു വേനലവധിക്കാലത്താണ് അത്. കണ്ണൂർ അഞ്ചരക്കണ്ടി മട്ടയിൽ വീണപുരയാണ് ഉമ്മയുടെ വീട്. ഉമ്മയുടെ ജ്യേഷ്ഠസഹോദരിമാർ സൈനുത്തയും ആസിത്തയുമാണ് അവിടെയുള്ളത്. സൈനുത്തയുടെ മകൾ ജമീലയുടെ മംഗലം കഴിഞ്ഞ് അധിക നാളായിട്ടില്ല. ആസിത്തയുടെ മകൻ നാസർ ഉണ്ട് വീട്ടിൽ. അൽപ്പകലെ ഉമ്മയുടെ ആങ്ങള ആറ്റയും കുടുംബവും. അസൂറ, സുബൈദ, ഹനീഫ, ബഷീർ…

കണ്ണൂർ എനിക്കന്ന് ഒരു വിസ്മയരാജ്യമായിരുന്നു. കണ്ണൂര്കാരുടെ സംസാരവും പുയ്യാപ്ലയുടെ ‘പള്ളി’ എന്ന പേരും കൗതുകമായിരുന്നു. ഞാനന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. നാസർ, സഖാവ് കൃഷ്ണേട്ടൻ തുടങ്ങി ചില നല്ല ചങ്ങാതിമാരെയും കിട്ടി എനിക്ക്. അവർക്കെല്ലാം ഞാൻ കത്തുകൾ അയയ്ക്കുമായിരുന്നു. അവിടെയുള്ള നസീറിന്റെ ബന്ധുക്കളുടെ വീടുകളിലെല്ലാം ഞാൻ പോയി. എല്ലാവർക്കും എന്നെ വലിയ സ്നേഹമായിരുന്നു. നസീറിന്റെ ഉമ്മയെ ഉമ്മയെന്നും ബാപ്പയെ ഉപ്പയെന്നും വിളിക്കുന്നതു പോലെ എല്ലാവരെയും ഞാൻ അവർ വിളിക്കുന്ന പേരുകൾ തന്നെയാണ് വിളിച്ചത്.

കൃഷ്ണേട്ടന്റെയും നാസറിന്റെയും കല്യാണങ്ങൾ രസകരമായ അനുഭവങ്ങളായിരുന്നു. വ്യത്യസ്തമായ രണ്ടു സംസ്കാരങ്ങളും രീതികളും ആദ്യമായി അടുത്തറിയുകയായിരുന്നു, അന്ന്.

ഒരു ഗാന്ധിജിക്കഥ

ഞാൻ പ്രീഡിഗ്രി കഴിഞ്ഞു നിൽക്കുന്ന കാലത്താണ് നസീർ പെരിന്തൽമണ്ണ ഗവ. കോളേജിൽ പ്രീഡിഗ്രിക്കു ചേരുന്നത്. ആർട്സ് ഡേക്ക് അവതരിപ്പിക്കാൻ അന്ന് നാടകം ഞാനാണ് എഴുതിക്കൊടുത്തത്. സ്വാതന്ത്യത്തിന് മുമ്പും പിമ്പുമുള്ള ഇന്ത്യ ചർച്ച ചെയ്യുന്ന നാടകമായിരുന്നു ‘ഭാരതാംബ’. നാടകത്തിൽ അഭിനയിക്കാൻ അനുവാദം വാങ്ങാൻ നടിയുടെ വീട്ടിൽ പോകാനും റിഹേഴ്സലിനുമെല്ലാം ഞാനുമുണ്ടായിരുന്നു. ഗാന്ധിജിയുടെ വേഷമായിരുന്നു നസീറിന്. ആർട്സ് ഡേക്ക് ഞാനും പോയിരുന്നു. നാടകം തുടങ്ങി. ഗാന്ധി രംഗത്തെത്തിയതോടെ കുട്ടികൾ ശ്വാസമടക്കിപ്പിടിച്ചു നിൽക്കുന്നു. ഞാനും നസീറിന്റെയും കൂട്ടരുടെയും അഭിനയത്തിൽ ലയിച്ചിരിക്കുകയാണ്. അതിനിടയാൽ ആരോ ഉറക്കെ വിളിച്ചുപറഞ്ഞു:

‘‘ഊരെടാ VKC.’’

അതോടെ നിരവധി പേർ അത് ഏറ്റുവിളിച്ചു.

ഞാൻ നസീറിന്റെ കാലിലേക്കു നോക്കി. നല്ല ക്രീം കളറിലുള്ള ഹവായ് ചെരുപ്പ്! അന്ന് ഞങ്ങളുടെ നാട്ടിലൊക്കെ പാന്റ്സിട്ട് ഇൻ ചെയ്യുന്നവർ പോലും കാലിൽ VKCയുടെ ഹവായ് ആണ് അണിഞ്ഞിരുന്നത്. നാടകത്തിനിടാനുള്ള ഗാന്ധിച്ചെരുപ്പ് എന്റെ കാലിൽ കിടക്കുന്നു!

‘ഗാന്ധിജി’ എന്നെ പാളിനോക്കി. ഞാൻ ചെരുപ്പ് സൈഡ് കർട്ടന്റെ മറവിൽ അഴിച്ചിട്ടു. ഗാന്ധി ആരാധകരോട് കൈവീശിക്കൊണ്ട് വേഗത്തിൽ നടന്നുവന്ന് VKC അഴിച്ചിട്ട് ഗാന്ധിച്ചെരുപ്പിട്ട് തിരികെപ്പോയി. കൂട്ടുകാരന്റെ പ്രവൃത്തിയിൽ കുട്ടികൾ ആർത്തുവിളിച്ചു. നാടകം ഒന്നാം സ്ഥാനം നേടുകയും ചെയ്തു. നസീർ ബെസ്റ്റ് ആക്ടറും.

ആർട്സ് ഡേക്ക് അന്ന് പ്രസാദും അബ്ബാസും കൂട്ടിനു പോന്നിരുന്നു. പ്രോഗ്രാം കഴിഞ്ഞ് വീട്ടിലെത്തിയതും എല്ലാവരും കൂടി VKCയിട്ട ഗാന്ധിയെ നിർത്തിപ്പൊരിക്കാൻ തുടങ്ങി.

‘‘ഗാന്ധിജി വീക്കേസിടുവാ! നീയ്യെന്തു പണിയാ നശീറേ കാണിച്ചത്!’’

ഉമ്മയും ഞങ്ങളോടൊപ്പം ചേർന്നു.

ഞാൻ ചെരുപ്പു കൊടുത്തില്ലെന്നായിരുന്നു നസീറിന്റെ പരാതി.

‘‘അതുപോട്ടെ. സാരല്ല. ഇനിക്ക് സമ്മാനം കിട്ടിയാ?’’

ഉമ്മ ചോദിച്ചു.

നാടകത്തിന് ഒന്നാം സ്ഥാനം ഉണ്ടെന്നും സീസോണിന് പോകാമെന്നും ഞങ്ങൾ പറഞ്ഞു. നസീർ മികച്ച നടനായി എന്നുകൂടി കേട്ടതോടെ ഉമ്മ പൊട്ടിച്ചിരിച്ചു. ‘‘എന്നാലും ന്റെ നശീറേ..’’ എന്ന് വീണ്ടും vkc ഗാന്ധിയെ കളിയാക്കാൻ തുടങ്ങി. വീട്ടിൽ വിരുന്നുകാർ വരുമ്പോൾ പലപ്പോഴും പിന്നീട് ഉമ്മ ഇതുപറഞ്ഞ് ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

(ഇതേ നാടകം നാട്ടിലെ ഹൈസ്കൂളിലാണ് ആദ്യം അവതരിപ്പിച്ചത്. നസീറിന്റെ അനിയൻ ബദറുദ്ദീൻ മുത്തശ്ശിയായും ഭാരതാംബയായും വേഷമിട്ടു. ബാലകൃഷ്ണൻ ഗാന്ധിയും ഇപ്പോൾ ദുബൈയിലുള്ള അൻസാദ് ജിന്നയുമായിരുന്നു. അതു കണ്ടാണ് നസീർ കോളേജിൽ ഇതേ നാടകം ചെയ്തത്.

വർഷങ്ങൾക്കു ശേഷം ഒരു കേരളോത്സവത്തിന് വിധികർത്താവിന്റെ വേഷത്തിൽ ഞാനിരിക്കുമ്പോൾ ഇതേ പ്രമേയത്തിൽ ഒരു ഹിന്ദി നാടകം അരങ്ങത്തെത്തി. ടൈറ്റ്ൽ ‘ഭാരത് മാതാ!’ സ്കൂൾ നാടകത്തിൽ അന്ന് ‘ഭാരതാംബ’യോടൊപ്പം മത്സരിച്ച മറ്റൊരു നസീറായിരുന്നു ഹിന്ദി ഗാന്ധി! വലിയ ശരീരമുള്ള ഇഫ്തികാറുദ്ദീൻ മാഷ് ജിന്നയായി. സംസ്ഥാന തലത്തിൽ വരെ നാടകം ഒന്നാമതെത്തിയെന്നാണ് ഓർമ. എന്റെ ഭാരതാംബയുടെ ഞാനറിയാത്ത ഹിന്ദി മൊഴിമാറ്റമായിരുന്നു അത്!)

ഊരുതെണ്ടും കാലവും ബഷീറും

ഇതിനിടെ നസീറി​ന്റെ ജ്യേഷ്ഠൻ ബഷീറുമായി ഞാൻ കൂടുതൽ സൗഹൃദത്തിലായിരുന്നു. ബഷീറിന് എന്റെ കഥകൾ കേൾക്കാനായിരുന്നു ഏറെ ഇഷ്ടം. അവൻ ഓരോ ദിവസവും എന്നെക്കൊണ്ട് പുതിയ പുതിയ കഥകൾ പറയിച്ചു. എന്റെ എഴുത്തിനെയും ചിന്തകളെയും ഇത് ഏറെ സ്വാധീനിച്ചിട്ടുണ്ട്.

രാത്രി വൈകി പ്ലാൻ ചെയ്യുന്ന യാത്രകളായിരുന്നു അന്നത്തെ പ്രത്യേകത. ലോറിയായിരുന്നു പ്രധാന വാഹനം. വല്ലപ്പോഴും കഥയെഴുതിയോ ബാനർ/ബോർഡ് എഴുതിയോ കിട്ടുന്ന ചെറിയ കാശാണ് വരുമാനം. അപ്പോൾ ലോറി തന്നെ മെച്ചം. യാത്രയ്ക്ക് ചെറിയ കാശു മതി. കുറേ നടന്നിട്ടുമുണ്ട്. ഓട്ടോക്കാശ് എന്നും ഞങ്ങൾ നടന്നു ലാഭിക്കും. യാത്രയിലുടനീളം ഇടതടവില്ലാത്ത കഥപറച്ചിലും.

ഇടുക്കിയിലെയും മറ്റും കൂട്ടുകാരെയും പട്ടാമ്പിയിലും മറ്റുമുള്ള ബന്ധുക്കളെയുമെല്ലാം തേടിയിറങ്ങിയത് ഇങ്ങനെയാണ്. പട്ടാമ്പിയിലെ കുഞ്ഞിമ്മയൊക്കെ പിന്നെ എന്റെയും ജീവിതത്തിന്റെ ഭാഗമായി. എല്ലാവർക്കും ഞാൻ ഉമ്മയുടെ മോൻ തന്നെയായിരുന്നു. ‘നാലു മക്കളാണ്’ എന്നാണ് ഞാൻ കൂടെയുള്ളപ്പോൾ ഉമ്മ പറയുക. ചിലപ്പോൾ ‘മൂന്നേ പ്രസവിച്ചിട്ടുള്ളൂ, മക്കൾ നാലുണ്ട്’ എന്നുപറയും. അങ്ങനെ നസീറും ഞാനും ഇരട്ടകളാണ് എന്ന് പലരും വിശ്വസിച്ചു. ഞങ്ങളുടെ വസ്ത്രങ്ങൾക്കു പലപ്പോഴും സാമ്യമുണ്ടായിരുന്നു. ചിലപ്പോൾ ഷർട്ട് മാറിയിട്ടിരുന്നു. അത് ഈ ധാരണയ്ക്ക് കൂടുതൽ ബലം നൽകി. ഞാൻ ഒരു ദിവസം രാത്രി പറയാതെ വീട്ടിൽ ചെല്ലാതിരുന്നാൽ ‘ഓൻ നസീറിന്റെ വീട്ടിൽ കാണും’ എന്നെന്റെ വീട്ടുകാർ വിശ്വസിക്കും. നസീറും വീട്ടിൽ വന്ന് താമസിക്കുമായിരുന്നു. ഉമ്മയുണ്ടാക്കുന്ന മീൻ കറി ഞാനിഷ്ടപ്പെട്ട പോലെ എന്റെ ഉമ്മയുണ്ടാക്കുന്ന കടലക്കറിയും പുട്ടും, തേങ്ങാച്ചോറും ബീഫ് വരട്ടിയതും നസീറിന് ഏറെ ഇഷ്ടമായിരുന്നു.

പ്രസ്സിൽ ജോലി ചെയ്യുന്ന കാലത്ത് ഒരു ദിവസം ഞാൻ നസീറിന്റെ വീട്ടിലെത്തി. ബഷീർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവൻ കിടക്കുകയായിരുന്നു. ആ കിടത്തത്തിൽ എനിക്ക് ഒരു പന്തികേടു തോന്നി. പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞെങ്കിലും എനിക്ക് സംശയം തോന്നി. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ചെറിയ അനിയൻ ബദറു അടുത്ത വീട്ടിൽ കളിക്കാൻ പോയിരിക്കുകയാണ്. ഞാൻ ബദറുവിനെ വിളിച്ച് ബഷീറിന്റെ അടുത്തുതന്നെ ഇരിക്കണമെന്നും കളിക്കാൻ പോകരുതെന്നും പറഞ്ഞു. ഛർദ്ദിയോ എന്തെങ്കിലും അസ്വാഭാവികതയോ കണ്ടാൽ എന്നെ വന്ന് അറിയിക്കണമെന്നും ഏൽപ്പിച്ചു. ഒരു കിലോമീറ്ററോളം ദൂരമുണ്ട് പ്രസ്സിലേക്ക്. ഞാനവിടെയെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ബദറു കരഞ്ഞുകൊണ്ട് ഓടിയെത്തി.

‘‘ബശീറ് വിളിച്ചിട്ട് മിണ്ടുന്നില്ല!’’

അവൻ നിലവിളിച്ചു.

പ്രസ്സ് ശശിയുടെ അടുത്ത ചങ്ങാതിയാണ് ബഷീർ. ശശിയും ഇലക്ട്രോണിക്സ് മണിയുമൊക്കെയായി ഞങ്ങൾ ജീപ്പെടുത്ത് ബഷീറിന്റെ വീട്ടിലെത്തി. മഞ്ചേരി ജില്ലാശുപത്രിയിലായിരുന്നു, പിന്നീട് ദിവസങ്ങളോളം. ഞങ്ങൾ ആശുപത്രിയിൽ കൂട്ടിരുന്നു. ഭക്ഷണം സ്പൂണിൽ എടുത്തു വായിൽ വെച്ചുകൊടുത്തു. ഇതു കാണുമ്പോൾ അടുത്ത കട്ടിലുകളിലെ രോഗികളുടെ കൂട്ടിരിപ്പുകാർ ഉമ്മയോടു പറഞ്ഞു:

‘‘രണ്ട് അനിയന്മാർക്കും ചേട്ടനെ വലിയ കാര്യമാണ്. എന്നാലും മൂത്തവനാണ് കൂടുതൽ സ്നേഹം.’’

സുഹൃത്തെന്ന നിലയിൽ ഞാൻ കാണിച്ച സ്വാതന്ത്ര്യമാണ് സ്നേഹക്കൂടുതലായി കണക്കാക്കിയത്. യാദൃഛികമായി ഡാർക്ക് ഗ്രീൻ ഷർട്ടിട്ടാണ് ഞങ്ങൾ രണ്ടുപേരും ആദ്യ ദിവസം തന്നെ ആശുപത്രിയിലെത്തിയത്. അതോടെ ഞങ്ങൾ ഇരട്ടക്കുട്ടികളാണെന്ന് പറയാതെ തന്നെ കാണുന്നവർ വിശ്വസിച്ചു കഴിഞ്ഞിരുന്നു. ഉമ്മ പിന്നീട് പലപ്പോഴും ഈ സംഭവങ്ങൾ ഓർത്തു പറയുമായിരുന്നതിനാലാണ് ഇപ്പോഴും എല്ലാം കൃത്യമായി ഓർക്കാൻ കഴിയുന്നത്.

വാസു, അജയൻ, ഹംസ, യാസർ അറഫാത്ത്, ഷിബു, നാരായണൻകുട്ടി, ശ്രീധരൻ, മുസ്തഫ (മുത്തു), സലീം… ആ വീട്ടിലെത്തുന്ന സുഹൃത്തുക്കൾ അങ്ങനെ നീളുന്നു. എല്ലാവർക്കും സ്നേഹമുള്ള ഉമ്മയുടെ സാമീപ്യമായി ഉമ്മ.

മലപ്പുറം ഗവൺമെന്റ് കോളേജിലെ പ്രിഡിഗ്രിക്കു ശേഷം പഠനം നിർത്തിയ എന്നെ വർഷങ്ങൾ കഴിഞ്ഞ് മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിൽ ചേർത്തത് ശ്രീധരനും നസീറുമായിരുന്നു. എന്റെ അനിയനായ നസീർ ഗൗരവം എടുത്തണിഞ്ഞ് പ്രിൻസിപ്പാളിനു മുന്നിൽ ജ്യേഷ്ഠനായി അഭിനയിച്ചു.

‘‘ഇവൻ എന്തു പ്രശ്നം ഉണ്ടാക്കിയാലും ശ്രീധരനോട് ഒന്നു പറഞ്ഞാൽ മതി, ഞാനിവിടെത്തും’’ എന്നൊക്കെ അവൻ വളരെ ഗൗരവത്തിൽ പറഞ്ഞ് ഉത്തരവാദിത്വമുള്ള ജ്യേഷ്ഠനായി. പത്രവിതരണം നടത്തി സ്വയം പണം സമ്പാദിച്ചാണ് ഞാൻ പഠിത്തം തുടർന്നത്. കേരള കൗമുദിയിൽ ധാരാളം വാർത്തകളും അക്കാലത്ത് എഴുതിയിരുന്നു. നാട്ടിൽ രാഷ്ട്രീയചലനം സൃഷ്ടിച്ച വാർത്തകളും അതിലുണ്ടായിരുന്നു.

കൗമുദി ഉൾപ്പെടെ ചില ഞായറാഴ്ചപ്പതിപ്പുകളിലും കഥ ദ്വൈവാരിക, മനോരമ ആഴ്ചപ്പതിപ്പ് തുടങ്ങിയവയിലും ഇടയ്ക്ക് എഴുതി. പൂമ്പാറ്റയും യുറീക്കയും മലർവാടി അടക്കമുള്ള ബാലമാസികകളിൽ നിറസാന്നിധ്യമായി.

കാലത്തിന്റെ ചുമരെഴുത്തുകൾ

ബഷീറും നസീറും ഞാനുമെല്ലാം നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. പക്ഷേ, മൂന്നുപേരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. നസീറും ഞാനും പല വേദികളിൽ ഒന്നിച്ചഭിനയിച്ചു. അജയൻ, ബാലേട്ടൻ, ഷിബു, നാരായണൻകുട്ടി, ശ്രീധരൻ, യാസർ അറഫാത്ത്, സുൽഫിക്കർ തുടങ്ങിയവരായിരുന്നു ഞങ്ങളുടെ സംഘത്തിൽ. തെരുവു നാടകങ്ങളിലും ഞങ്ങൾ ഒന്നിച്ചുചേർന്നു.

ഞാൻ പാർട്ടിക്ക് ചുമരെഴുതി നടന്ന കാലത്തൊരിക്കൽ നസീർ എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി നേതാക്കളുടെ പേരുകൾ വികലമാക്കി പറയാൻ തുടങ്ങി. പല പ്രാവശ്യം വിലക്കിയെങ്കിലും നസീർ എന്നെ വാശി പിടിപ്പിച്ചുകൊണ്ടിരുന്നു. അത് അവസാനിച്ചത് പെയ്ൻറു കൊണ്ടുള്ള അടിയിലാണ്. പല നിറങ്ങൾ ഇരുവരും പരസ്പരം ദേഹത്തു പൂശി. സേതുനായരുടെ ചുമരാണ്. ചുറ്റിലും എഴുത്തുകാണാൻ നിന്ന കാഴ്ചക്കാർക്ക് ഞങ്ങളുടെ അടി കളർഫുൾ കാഴ്‌ചയായി. ഒരു തുള്ളി മഷി ഒരു കുട്ടിയുടെ ഉടുതുണിയിൽ വീണത് രാഷ്ട്രീയ പ്രശ്നവുമായി. കലകപ്പാറ മുഹമ്മദ് കാക്ക കുട്ടിക്ക് പ്രിയ ശ്രീധരന്റെ കടയിൽ നിന്ന് പുതിയ മുണ്ട് വാങ്ങിക്കൊടുത്ത് രാഷ്ട്രീയ പ്രശ്നം ശാന്തമാക്കി.

ഞാൻ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇരിക്കുന്ന സമയത്തായിരുന്നു അത്. വാസ്തവത്തിൽ എന്നെപ്പോലെ ഇ.എം.എസിനെയും ഇ.കെ. നായനാരെയും നസീറും ഇഷ്ടപ്പെട്ടിരുന്നു. ബഷീർ സി.പി.ഐയുടെയും ഞങ്ങൾ ഡിവൈ.എഫ്.ഐയുടെയും പ്രവർത്തകരായിരുന്നെങ്കിലും ഞങ്ങളെല്ലാവരും ഇ.എം.എസിനെയും നായനാരെയും ഇഷ്ടപ്പെട്ടു. ഉമ്മയ്ക്കും ഇഷ്ടമായിരുന്നു രണ്ടുപേരെയും. നായനാർ കണ്ണൂര് കാരനാണെന്ന സെന്റിമെൻസുമുണ്ട്.

വർഷങ്ങൾക്കു ശേഷം ഞാൻ ജോലി കിട്ടി കോഴിക്കോട്ടായിരിക്കുമ്പോഴാണ് ഇ.എം.എസ് മരിക്കുന്നത്. ഞാൻ വൈകുന്നേരത്തോടെ നാട്ടിലെത്തി. അനുശോചന യോഗങ്ങളിലും മറ്റും പങ്കെടുത്തു. മൗനജാഥയായിരുന്നില്ല നടത്തിയത്. ഇ.എം.എസ്സിന്റെ ചരിത്രത്തിലെ അടയാളപ്പെടുത്തലുകൾ ഓർമിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ തയാറാക്കി ഞാൻ വിളിച്ചുകൊടുത്തു. നാട്ടിൽ മുക്കിലും മൂലയിലും പ്രഭാതഭേരിയും ഉണ്ടായിരുന്നു.

ജാഥ കഴിഞ്ഞ് ഞങ്ങൾ വീട്ടിലെത്തി കിടക്കുകയായിരുന്നു. ഉമ്മയും കൂട്ടുകാരി മുണ്ടിച്ചിയും പുറത്ത് സംസാരിച്ചിരിക്കുന്നുണ്ട്. ഇ.എം.എസ് അവരുടെ സംസാരത്തിലേക്കു കടന്നുവന്നു.

ഇടയ്ക്ക് മുണ്ടിച്ചി പറയുന്നതു കേട്ടു:

‘‘നോക്കീം… ഓല് മരിച്ചിറ്റില്ലോലോ!’’

ഇ.എം.എസ് മരിച്ചിട്ടില്ലത്രെ എന്ന്!

ഉമ്മ ഉത്ക്കണ്ഠയോടെ കാതുകൂർപ്പിച്ചു; ഞങ്ങളും. അപ്പോൾ ആ വൃദ്ധ സ്ത്രീ തുടർന്നു:

‘‘കുട്ടികൾ വിളിച്ചുപറഞ്ഞു പോകുന്നുണ്ട്!’’

പാവം, ആ സ്ത്രീ അങ്ങനെ ആഗ്രഹിച്ചിരിക്കണം.

‘‘ഇല്ല ഇല്ല മരിച്ചിട്ടില്ല

ഇ.എം.എസ്സ് മരിച്ചിട്ടില്ല

ജീവിക്കുന്നു ഞങ്ങളിലൂടെ!’’

എന്ന മുദ്രാവാക്യമാണ് അവർ തെറ്റിദ്ധരിച്ചത്.

ഞങ്ങൾ ഒരിക്കലും അവരെ കളിയാക്കിയില്ല. കാര്യങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ അവരുടെ മുഖത്തുനിന്ന് പെട്ടന്ന് പ്രതീക്ഷയുടെ തിളക്കം മാഞ്ഞുപോയി.

ബഷീർ കോഴിക്കോട്ടു നിന്നും ഖൈറുന്നിസയെ കല്യാണം കഴിച്ചു. നസീർ കണ്ണൂരിൽനിന്ന് അമ്മായിയുടെ മകൾ സുബൈദയെ വിവാഹം ചെയ്തു. കുറച്ചുനാൾ കഴിഞ്ഞ് അവൻ കണ്ണൂരിലേക്ക് താമസം മാറ്റുകയും അവിടെ വീടുവെക്കുകയും ചെയ്തു. ബദറു ആസിയയെ വിവാഹം ചെയ്തു. എല്ലാവർക്കും മക്കളായി… അക്കാലത്ത് എനിക്ക് ജോലിയിൽ തിരക്കേറിയിരുന്നു. പിന്നീട് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മാറി. തലസ്ഥാന നഗരിയിൽ നീണ്ട ഏഴര വർഷം ജോലി ചെയ്തു. പിന്നീട് വീണ്ടും കോഴിക്കോട്ടെത്തി. തിരക്കുകൾക്കിടയിൽ പഴയ ബന്ധങ്ങൾ പുതുക്കാൻ കഴിയാതെയായി. ഉമ്മയെ കാഴ്ച വല്ലപ്പോഴുമായി. ഒരു പക്ഷേ, എനിക്ക് ജോലി കിട്ടിയതിലും തിരക്കേറുന്നതിലും ഏറ്റവും സന്തോഷിച്ചയാൾ ഉമ്മയായിരുന്നു.

ഇതിനിടയിൽ ബഷീറും ബദറുവുമെല്ലാം ഗൾഫിലേക്കു പോയിരുന്നു.

പിന്നീടൊരു ദിവസം സന്തോഷം നിറഞ്ഞൊരു വാർത്ത കേട്ടു. നസീർ വീണ്ടും നാട്ടിലെത്തിയിരിക്കുന്നു. ‘തരംഗം’ ഇലക്ട്രോണിക്സ്’ എന്ന സ്ഥാപനം തുടങ്ങി. വീണ്ടും ഇടയ്ക്ക് കാണാൻ തുടങ്ങി. ഒരു ദിവസം ഉച്ചയ്ക്ക് നസീറും ഞാനും കുറച്ച് അയലയും വാങ്ങി വീട്ടിലേക്കുപോയി.

‘‘മോനേ… മീൻ നന്നാക്കി ഇപ്പൊ കറിവെച്ചു തരാം!’’

ഉമ്മ പറഞ്ഞു.

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കേ ഉമ്മ മീൻ നന്നാക്കി കറിവെച്ചു, ഭക്ഷണം വിളമ്പി.

അത് കൗമാരകാലത്തേക്കുള്ള തിരിച്ചുനടത്തമായിരുന്നു. നാവിൻതുമ്പിൽ പതിറ്റാണ്ടുകൾക്കപ്പുറമുള്ള അതേ രുചി. മുന്നിൽ വർണവസ്ത്രങ്ങളണിഞ്ഞ് സ്നേഹത്തിന്റെ അവതാരമായ, മെലിഞ്ഞ സ്ത്രീയുടെ നിറംമങ്ങാത്ത, മാതൃത്വത്തിന്റെ നനവൂറുന്ന നിറഞ്ഞ ചിരി. അതെങ്ങനെ മറക്കാനാവും!

Leave a Reply

spot_img

Related articles

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...