പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ബാപി റോയ് (25) ആണ് മരിച്ചത്. ആലപ്പുഴ – മധുര സംസ്ഥാന പാതയില്‍ വണ്ണപ്പുറം എഴുപതേക്കര്‍ നിരപ്പ്പാറയിലാണ് സംഭവം. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് ഇരുമ്പ് പൈപ്പുമായി വന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. റോഡരികിലുള്ള വീടിന്റെ മതിലും ടെലിഫോണ്‍ പോസ്റ്റുകളും തകര്‍ത്താണ് വണ്ടി മറിഞ്ഞത്. അപകടം മനസിലാക്കി വാഹനത്തില്‍ നിന്നും ചാടിയ ബാപി റോയ് വീട്ടുമുറ്റത്തെ റമ്പുട്ടാന്‍ മരത്തിനും വാഹനത്തിനുമിടയില്‍ കുരുങ്ങുകയായിരുന്നു. വാഹനത്തില്‍ മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു. മരിച്ച ബാപിയുടെ സഹോദരന്‍ രാജേഷാണ് വാഹനം ഓടിച്ചിരുന്നത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനയും കാളിയാര്‍ എസ്.എച്ച്.ഓ എച്ച്.എല്‍ ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് തന്നെ സമാന രീതിയില്‍ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. സ്ഥിരം അപകട മേഖലയായിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ തിരിഞ്ഞു നോക്കുന്നില്ലയെന്നാരോപണവും ശക്തമാണ്. അടിയന്തരമായി സിഗ്നല്‍ ബോര്‍ഡുകളും സുരക്ഷാ വേലികളും സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുത്തനെ ഇറക്കവും വളവുമാണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. മുണ്ടന്‍മുടി എസ് വളവില്‍ ക്രാഷ് ബാരിയര്‍ വാഹനം ഇടിച്ച് തകര്‍ന്നിട്ട് നാളുകളായെങ്കിലും ഇത് പൂര്‍വ സ്ഥിതിയിൽ ആക്കുന്നതിനുള്ള നടപടികളൊന്നും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ഈ റൂട്ടിലൂടെ ഗൂഗിള്‍ മാപ്പ് വഴിയാണ് സ്ഥല പരിചയമില്ലാത്ത ഭൂരിഭാഗം വാഹനങ്ങളും വരുന്നത്. ഇതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്.