സിവില്‍ സര്‍വീസിലെ ജനകീയ സേവനത്തിന് പ്രശംസനേടിയ വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്‍.ഐ.ഷാജു നാളെ (ബുധന്‍) സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. ആസ്പിരേഷണല്‍ ജില്ല ദേശീയതല മുന്നേറ്റം തുടങ്ങി വയനാട് ജില്ലയുടെ ഒട്ടേറെ വികസന മുന്നേറ്റങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിനൊപ്പം കര്‍മ്മനിരതമായിരുന്നു എന്‍.ഐ.ഷാജുവിന്റെ സേവനം. റവന്യുവകുപ്പിലെയും സാധാരക്കാരുടെ ഇതര വിഷയങ്ങളിലെയും ഫയലുകളുടെ വേഗത്തിലുള്ള തീര്‍പ്പാക്കല്‍ തുടങ്ങി മാതൃകാപരമായ ഇടപെടലിന് വയനാട് ജില്ലാ ഭരണകൂടത്തിന് സംസ്ഥാനതലത്തില്‍ 2022 ലെ മികച്ച കളക്‌ട്രേറ്റ് ബഹുമതി ലഭിച്ചിരുന്നു. ജില്ലാ കളക്ടര്‍, എ.ഡി.എം ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ പരിശ്രമത്തിലാണ് ഈ പുരസ്‌കാരം ജില്ലയെ തേടിയെത്തിയത്. വില്ലേജ് ഓഫീസുകള്‍ മുതല്‍ താഴെത്തട്ടില്‍ നിന്നും ഫയലുകളുടെ ഏകീകരണം കാര്യക്ഷമമായി നടത്താനും എ.ഡി.എം എന്ന നിലയില്‍ എന്‍.ഐ.ഷാജുവും അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. സാധരണക്കാര്‍ക്കെല്ലാം എളുപ്പം പ്രാപ്യമാകുന്ന സേവനകാലയളവുകള്‍ എന്‍.ഐ.ഷാജുവിനെയും വ്യത്യസ്തനാക്കിയിരുന്നു. ജില്ലയിലെ കോവിഡ്, നിപ പ്രതിരോധം, പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കിയ എ.ബി.സി.ഡി ക്യാമ്പ്, ജില്ലയില്‍ എക്കാലത്തെക്കാളും മുന്നേറിയ പട്ടയ വിതരണം, ഭൂപ്രശ്‌നങ്ങളുടെ പരിഹാരം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജില്ലയിലെ സുപ്രധാന മേഖലകളില്‍ നടത്തിയ ഇടപെടലുകളെല്ലാം ശ്രദ്ധേയമായിരുന്നു. രണ്ടരവര്‍ഷത്തോളം തുടര്‍ച്ചയായി വയനാട് ജില്ലയുടെ എ.ഡി.എം പദവി വഹിച്ച ബഹുമതിയും എന്‍.ഐ.ഷാജുവിന് സ്വന്തമാണ്. മാനന്തവാടി അഞ്ചുകുന്നില്‍ വില്ലേജ് അസിസ്റ്റന്റായയിരുന്നു സര്‍വീസ് തുടക്കം. മാനന്തവാടി സബ് കളക്ടര്‍ ഓഫീസില്‍ പത്ത് വര്‍ഷം സേവനമനുഷ്ഠിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി വില്ലേജ് ഓഫീസര്‍, ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടര്‍, ആര്‍.ഡി.ഒ, റിട്ടേണിങ്ങ് ഓഫീസര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. 34 വര്‍ഷത്തെ സേവനകാലയളവിന് ശേഷമാണ് എ.ഡി.എം പദവിയില്‍ നിന്നും എന്‍.ഐ.ഷാജു പടിയിറങ്ങുന്നത്. മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂള്‍ അധ്യാപിക റെന്‍സി മാത്യുവാണ് ഭാര്യ. ചെന്നൈ ആര്‍മി സ്‌കൂള്‍ അധ്യാപിക അനീന ഷാജു, എം.എസ്.സി വിദ്യാര്‍ത്ഥിനി അന്ന ഷാജു എന്നിവരാണ് മക്കള്‍. സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്ന എന്‍.ഐ.ഷാജുവിന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഇന്ന് യാത്രയയപ്പ് നല്‍കും.