സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു. ചാനലിന്റെ അവതാരകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോർട്ടർ എന്ന ഉള്ളടക്കത്തോടെ ചാനൽ വീഡിയോ സ്റ്റോറി ചെയ്തിരുന്നു. സ്റ്റോറിയിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് ചാനലിൻ്റെ റിപ്പോർട്ടർ നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. സ്റ്റോറി സംപ്രേഷണം ചെയതതിന് തൊട്ടു പിന്നാലെ അവതാരകൻ റിപ്പോർട്ടറോട് വിദ്യാർഥിയെ കുറിച്ച് ചോദിക്കുകയും കളിയാക്കുകയും ചെയ്യുന്ന സംഭാഷണങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മിഷൻ അടിയന്തര റിപ്പോർട്ടു തേടി.