ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്‍പ്പതു വര്‍ഷത്തോളം ഇവിടെ ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയായിരുന്നു ആനിബസന്ത്. ഇവര്‍ അറിയപ്പെടുന്ന പ്രാസംഗികയും എഴുത്തുകാരിയും രാഷ്ട്രീയപ്രവര്‍ത്തകയും കൂടിയായിരുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിച്ച ധീരവനിതയുമായിരുന്നു ആനിബസന്ത്. ആനിബസന്ത് പറഞ്ഞിട്ടുണ്ട്,”മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ എപ്പോഴും സത്യം സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നത്. മനുഷ്യബന്ധങ്ങള്‍ എനിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും സത്യത്തോട് കറപുരളാത്ത ആത്മാര്‍ത്ഥത ഞാനെന്നും പുലര്‍ത്തും.”
1847 ഒക്ടോബര്‍ 1-ന് വില്യം ബി.പി.വുഡിന്‍റെയും എമിലിയുടെയും മകളായി ലണ്ടനിലാണ് ആനിബസന്ത് ജനിച്ചത്. അഞ്ചു വയസ്സുള്ളപ്പോള്‍ ആനിയുടെ അച്ഛന്‍ മരിച്ചു. വളരെ കഷ്ടപ്പെട്ടാണ് ആനിയുടെ അമ്മ അവളെ പഠിപ്പിച്ചത്. 1898-ലാണ് ആനിബസന്ത് ഇന്ത്യയിലെത്തിയത്. 1907-ല്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്‍റായി ചുമതലയേറ്റു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ആനിബസന്ത് ഇന്ത്യന്‍ ഹോംറൂള്‍ ലീഗ് സ്ഥാപിച്ചു. സ്വതന്ത്രരാജ്യമായി ഇന്ത്യ മാറണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.
1914-ല്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജര്‍മനിക്കെതിരെ പോരാടാന്‍ ബ്രിട്ടന്‍ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു. ഇതിനെതിരെ ആനി ശബ്ദമുയര്‍ത്തി. അവര്‍ പറഞ്ഞു,”ഇന്ത്യയെ ചൂഷണം ചെയ്യുകയാണ് ബ്രിട്ടന്‍.” ന്യൂഇന്ത്യ എന്ന പത്രത്തിന്‍റെ എഡിറ്ററായിരുന്ന ആനി തന്‍റെ ലേഖനങ്ങളിലൂടെ ബ്രിട്ടീഷുകാരോട് എതിര്‍പ്പ് പ്രകടിപ്പിച്ചു.
മാര്‍ക്സിസത്തോട് വളരെ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആനിബസന്ത് തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ അവകാശങ്ങള്‍ക്കു വേണ്ടിയും പൊരുതി. വനിതാരാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക തന്നെയായിരുന്നു ആനി. ഒരു നല്ല നാളേക്കുവേണ്ടി പുരുഷനോടൊപ്പം സ്ത്രീയും ജോലി ചെയ്യേണ്ട ആവശ്യമുണ്ടെന്ന് അവര്‍ വിശ്വസിച്ചു. വാരണാസിയില്‍ സെന്‍ട്രല്‍ ഹിന്ദു കോളേജ് സ്ഥാപിച്ചത് അവരായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് 1917 ജൂണില്‍ ആനി അറസ്റ്റു ചെയ്യപ്പെട്ടു. എന്നാല്‍ നാടെങ്ങും അറസ്റ്റിനെതിരെ പ്രക്ഷോഭം ഉയര്‍ന്നതിനെത്തുടര്‍ന്ന് സെപ്റ്റംബറില്‍ വിട്ടയയ്ക്കുകയും ചെയ്തു. 1933 സെപ്തംബര്‍ 20-നാണ് ആനിബസന്ത് അന്തരിച്ചത്.