കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയില്‍ വയനാടിന് മികച്ച നേട്ടം. ദേശീയാടിസ്ഥാനത്തില്‍ 2023 സെപ്റ്റംബര്‍ മാസത്തെ ഓവറോള്‍ റാങ്കിംഗില്‍ ആറാം സ്ഥാനവും കൃഷി- ജലവിഭവ മേഖലയില്‍ രണ്ടാം സ്ഥാനവും ജില്ല കരസ്ഥമാക്കിയതായും ജില്ലക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചതായും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. രാജ്യത്തെ 112 ജില്ലകളില്‍ കേരളത്തിലെ ഏക ആസ്പിരേഷണല്‍ ജില്ലയാണ് വയനാട്. ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ അഞ്ച് വിഷയ മേഖലകളിലും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായകരമായത്.
പദ്ധതിയുടെ ഭാഗമായി ജില്ലയുടെ മികച്ച പ്രവര്‍ത്തനങ്ങൾക്ക് നിലവില്‍ 19 കോടി രൂപ നീതി ആയോഗ് അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരം വിവിധ പ്രവൃത്തികള്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നു. പുതുതായി ജില്ലക്ക് അനുവദിച്ച ഒരു കോടി രൂപയ്ക്കായി വിവിധ വകുപ്പുകളില്‍ നിന്ന് ലഭിച്ച പദ്ധതികള്‍ ഉടന്‍ നീതി ആയോഗിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിന് പുറമെ, വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 4.5 കോടി രൂപയുടെ പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ജൂലൈയില്‍ നടന്ന വൈഫയ്-സി.എസ്.ആര്‍ കോണ്‍ക്ലേവില്‍ വിവിധ സ്ഥാപനങ്ങള്‍ ഏറ്റടുത്ത പ്രവൃത്തികളും ജില്ലയില്‍ പുരോഗമിക്കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാതലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി എല്ലാ മാസവും ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ പുരോഗതി വിലയിരുത്തും. കേന്ദ്ര- സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിവിധ സ്വകാര്യ കമ്പനികള്‍ എന്നിവരില്‍ നിന്ന് ജില്ലക്ക് കൂടുതല്‍ സി.എസ്.ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അനുവദിക്കുന്ന പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമായി ജില്ലയില്‍ രൂപീകരിച്ച സി.എസ്.ആര്‍.സെല്‍ എല്ലാ മാസവും പദ്ധതി പ്രവൃത്തികളുടെ അവലോകനം നടത്തുന്നുണ്ടെന്നും ജില്ലാ കളക്ട്ര്‍ അറിയിച്ചു.
രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ വികസന പാതയിലേക്ക് കൊണ്ട് വരാനും അത് വഴി ആഗോള തലത്തില്‍ രാജ്യത്തിന്റെ മാനവ പുരോഗതി സൂചിക മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 2018 ല്‍ ആരംഭിച്ചതാണ് ആസ്പിരേണല്‍ ജില്ലാ പദ്ധതി. ദേശീയ-സംസഥാന-പ്രാദേശിക പദ്ധതികളുടെ കേന്ദ്രീകരണം, ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനം, ജില്ലകള്‍ തമ്മിലുളള മത്സരക്ഷമത, കൂട്ടായ മുന്നേറ്റം വഴി പിന്നാക്ക ജില്ലകളെ ദ്രുതഗതിയില്‍ ഫലപ്രദമായി വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ-പോഷണ മേഖല, വിദ്യാഭ്യാസം, കൃഷി-ജല വിഭവം, സാമ്പത്തിക-നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ അഞ്ച് മേഖലകളിലെ പുരോഗതിയാണ് ഈ പദ്ധതിയുടെ കീഴില്‍ വിലയിരുത്തുന്നത്.