ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നടത്തുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ നീക്കുന്നതില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കാലതാമസം ശിക്ഷാര്‍ഹമാണെന്നും ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ ഗാന്ധി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണവകുപ്പിനെ ചുമതലപ്പെടുത്തി. പ്രവര്‍ത്തി പൂര്‍ത്തികരിക്കുന്നതിന് വസ്തുവിന്റെ ഉപയോഗാനുമതി റവന്യു വകുപ്പ് തദ്ദേശസ്വയം ഭരണ വകുപ്പിന് കൈമാറാനും യോഗത്തില്‍ തീരുമാനമായി. പാര്‍ക്കിന്റെ നടത്തിപ്പിനും തുടര്‍പരിപാലനത്തിനും ഭരണസമിതി രൂപീകരിക്കും. അടൂര്‍ യുഐറ്റി സെന്റര്‍ കെട്ടിട നിര്‍മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ഒരാഴ്ചക്കുള്ളില്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ ആരംഭിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശം നല്‍കി.
അടൂര്‍ മുനിസിപ്പാലിറ്റി പാര്‍ത്ഥസാരഥി ജംഗ്ഷനിലെ കുളം സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. മിച്ചഭൂമി – പൂഴൂര്‍ റോഡ് കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. കോട്ടപ്പുറം കനാല്‍ റോഡും അംബികാഭവനം- വല്യയ്യത്ത് കനല്‍ റോഡും നിര്‍മാണം പൂര്‍ത്തിയായി. കല്ലട ഇറിഗേഷന്‍ പ്രോജക്ട് കനാല്‍ റോഡിന് ഭരണാനുമതി ലഭിച്ചതായും സാങ്കേതികാനുമതി താമസിയാതെ ലഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഷിബു, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍, എഡിസി ജി. രാജ്കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.