ലോകമാന്യതിലക് എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരസേനാനിയായിരുന്നു ബാലഗംഗാധരതിലക്. രാഷ്ട്രീയനേതാവ്, പത്രപ്രവര്‍ത്തകന്‍, സാമൂഹ്യപരിഷ്കര്‍ത്താവ് എന്നീ നിലകളിലും പ്രശസ്തനായ വ്യക്തിയായിരുന്നു തിലക്. “സ്വരാജ്യം എന്‍റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും,”എന്ന മുദ്രാവാക്യം അദ്ദേഹത്തിന്‍റേതാണ്. പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായത്തെ എതിര്‍ത്ത തിലകിന്‍റെ പ്രവര്‍ത്തനഫലമായി വിവാഹപ്രായം 10-ല്‍ നിന്നും 12 ആയി ഉയര്‍ത്തപ്പെട്ടു. പക്ഷെ 20 വയസ്സ് ആക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. വിധവാവിവാഹത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഒരു പത്രപ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ച തിലകിന്‍റെ പ്രസിദ്ധീകരണങ്ങളാണ് മറാത്തിവീക്ക്ലിയായ കേസരിയും ഇംഗ്ലീഷ് വീക്ക്ലിയായ മഹ്റട്ടായും. ആളുകളുടെ യാതനകളെപ്പറ്റി പത്രങ്ങളില്‍ വിവരിച്ചെഴുതിയ തിലക് സ്വന്തം അവകാശങ്ങള്‍ നേടാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് ഇന്ത്യന്‍ജനതയോട് ആവശ്യപ്പെട്ടു.
1856 ജൂലൈ 23-ന് മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് കേശവ് ഗംഗാധരതിലക് എന്ന ബാലഗംഗാധരതിലക് ജനിച്ചത്. പിതാവായ ഗംഗാധരരാമചന്ദ്രതിലക് ഒരു പ്രൈമറിസ്കൂള്‍ ഇന്‍സ്പെക്ടറായിരുന്നു. രത്നഗിരിയിലും പൂനെയിലുമായിട്ടാണ് തിലക് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1877-ല്‍ ഗണിതശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ബിരുദവും 1879-ല്‍ നിയമബിരുദവും നേടി. തുടര്‍ന്ന് വക്കീലായി പ്രാക്ടീസ് ചെയ്യാനും ആരംഭിച്ചു. ജനകീയവിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെ കുറെ സ്നേഹിതരുമായി ചേര്‍ന്ന് തിലക് പൂനെയില്‍ ഡെക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി എന്ന പേരിലൊരു സ്കൂള്‍ ആരംഭിച്ചു. പിന്നീട് പലയിടത്തായി സ്കൂളുകള്‍ തുടങ്ങി. സ്കൂളുകളില്‍ അധ്യാപകനായും തിലക് ജോലി ചെയ്തു. പൂനെയില്‍ ഫെര്‍ഗുസണ്‍ കോളേജ് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തതും തിലകാണ്.
ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ക്കശമായ സമരമുറകള്‍ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു തിലക്. സ്വാതന്ത്ര്യസമരത്തില്‍ തിലകിനോടൊപ്പം ബംഗാളിലെ ബിപിന്‍ചന്ദ്രപാലും പഞ്ചാബിലെ ലാലാലജ്പത്റായും ഉണ്ടായിരുന്നു. ഈ മൂവര്‍ ലാല്‍-ബാല്‍-പാല്‍ എന്നറിയപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിനെതിരായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ തിലകിന് ആറു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. മ്യാന്‍മാറിലെ ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചത്. ജയിലില്‍ വെച്ചാണ് ഗീതാരഹസ്യം എന്ന പുസ്തകം തിലക് എഴുതിയത്. ഇതിന്‍റെ ധാരാളം കോപ്പികള്‍ വിറ്റഴിഞ്ഞു. ആ പണം സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. വിദേശസാധനങ്ങള്‍ ബഹിഷ്കരിക്കുക, സ്വദേശി ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക തുടങ്ങിയ പരിപാടികളുമായി ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള സമരത്തില്‍ തിലക് മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. 1920 ആഗസ്ത് 1-ന് അനാരോഗ്യകാരണങ്ങളാല്‍ ബാലഗംഗാധരതിലക് അന്തരിച്ചു.