ബ്രഹ്മപുരം പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികൾ

കഴിഞ്ഞ മാര്‍ച്ചില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പി. രാജീവ്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്നി സുരക്ഷയും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതിയും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ നേരിട്ട് വിലയിരുത്തി.

പ്ലാന്റ് സന്ദര്‍ശിച്ച ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു.

തീപിടിത്തമുണ്ടായ സന്ദര്‍ഭത്തില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി. ബയോ മൈനിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കി. ജൂണ്‍ മാസത്തോടെ 30 ശതമാനം അവശിഷ്ടങ്ങള്‍ മാറ്റാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

വാഹനങ്ങള്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ എല്ലായിടത്തും എത്തിച്ചേരുന്നതിനുള്ള റോഡ് സൗകര്യം 85 ശതമാനം പൂര്‍ത്തിയാക്കി. ഉള്‍വശത്തേക്കുള്ള റോഡുകളും രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും.

നിലവില്‍ പൂര്‍ത്തിയായ റോഡുകളില്‍ ഫയര്‍ എന്‍ജിന്‍ എത്തുന്നതിന് പര്യാപ്തമാണോ എന്ന് അടുത്ത ദിവസം പരിശോധിക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഉള്ളിലേക്കുള്ള ബാക്കിയുള്ള റോഡുകള്‍ നിര്‍മ്മിക്കുക. 16 ടണ്‍, 25 ടണ്‍ ഫയര്‍ എന്‍ജിനുകള്‍ക്ക് റോഡ് പര്യാപ്തമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കും. 30 സ്ട്രീറ്റ് ലൈറ്റുകള്‍ രണ്ടാഴ്ചയ്ക്കകം കോര്‍പ്പറേഷന്‍ സ്ഥാപിക്കും.

ടാങ്കുകളും ജലസംഭരണികളും ഹൈഡ്രന്റുകളും പ്രവര്‍ത്തന സജ്ജമാകുന്നതോടെ അകത്തേക്ക് ഫയര്‍ എന്‍ജിനുകള്‍ ഓടിക്കേണ്ടി വരില്ല. അഞ്ച് ഹൈഡ്രന്റുകളാണ് നിലവിലുള്ളത്.

ഇതില്‍ മൂന്നെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടെണ്ണം രണ്ടു ദിവസത്തിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കും. 75 ലക്ഷം രൂപ ചെലവില്‍ 12 ഹൈഡ്രന്റുകള്‍ അധികമായി സ്ഥാപിക്കും. മൊത്തം കവറേജിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കകം ഇവ സ്ഥാപിക്കും.

നിലവില്‍ 50,000 ലിറ്ററിന്റെ ഒരു ടാങ്കാണ് നിര്‍മ്മിച്ചിട്ടുള്ളത്. 50000 ലിറ്ററിന്റെ മൂന്ന് ടാങ്കുകള്‍ കൂടി അടിയന്തരമായി നിര്‍മ്മിക്കും. 2 ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കാന്‍ കഴിയും. മൂന്ന് മോട്ടോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

9 ക്യാമറകളും ബയോമൈനിംഗുമായി ബന്ധപ്പെട്ട 12 ക്യാമറകളും ഉള്‍പ്പടെ 21 ക്യാമറകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമറകളുടെ ആക്സസ് ഫയറിനും പോലീസിനും നല്‍കും. 25 ഫയര്‍ വാച്ചര്‍മാരെ കോര്‍പ്പറേഷന്‍ നിയോഗിച്ചിട്ടുണ്ട്. നിലവിലുള്ള മാലിന്യങ്ങള്‍ നീക്കുന്നതില്‍ കോര്‍പ്പറേഷന്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാഭരണകൂടവും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.  

ഫയര്‍ വാച്ചര്‍മാര്‍ക്കാവശ്യമായ പരിശീലനം 22 ന് ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടക്കും. രണ്ട് ഹെല്‍ത്ത് ഓഫീസര്‍മാര്‍ ഇതിന്റെ മേല്‍നോട്ടം വഹിക്കും. വെള്ളം നനയ്ക്കുന്നതിനായി അഞ്ച് ടീമുകളാണുള്ളത്.

ഇതിന് അഞ്ചു ടീമുകളെ കൂടി നിയോഗിച്ച് 10 ടീമുകളെ ഏര്‍പ്പെടുത്തും. വാച്ച് ടവര്‍ നിലവില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. 80 ശതമാനം കവറേജ് വാച്ച് ടവറില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇവിടെ നിന്ന് കൃത്യമായ സന്ദേശങ്ങള്‍ നല്‍കുന്നതിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള 50 ടണ്‍ ശേഷിയുള്ള രണ്ട് ബിഎസ്എഫ് പ്ലാന്റുകള്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കും. 100 ടണ്‍ മാലിന്യം ഇതുവഴി സംസ്‌ക്കരിക്കാന്‍ കഴിയും. കോര്‍പ്പറേഷന്റെ വിന്‍ഡ്രോ പ്ലാന്റ് അറ്റകുറ്റപ്പണിയും ഉടന്‍ ആരംഭിക്കും. ഇവിടെയും 50 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാന്‍ കഴിയും.

ബിപിസിഎല്ലിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. കണ്‍സള്‍ട്ടന്റിനെ നിശ്ചയിച്ച് ഈയാഴ്ച തന്നെ ടെന്‍ഡര്‍ നല്‍കും.

പ്ലാന്റ് പൂര്‍ത്തിയാകുന്നതോടെ മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരമാകും. ഈ പ്ലാന്റ് പൂര്‍ത്തിയാകുന്നതോടെ സമീപത്തെ നഗരസഭകളില്‍ നിന്നുള്ള മാലിന്യവും ഇവിടെ സംസ്‌ക്കരിക്കാനാകും.

ഇതിനായി ബിപിസിഎല്‍, സംസ്ഥാന സര്‍ക്കാര്‍, കോര്‍പ്പറേഷന്‍, ബന്ധപ്പെട്ട നഗരസഭകള്‍ ട്രൈ പാര്‍ട്ടി എഗ്രിമെന്റ് തയാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ബിപിസിഎല്‍ പ്ലാന്റ് വരുന്നതോടെ അന്താരാഷ്ട് നിലവാരത്തിലുള്ള സംവിധാനത്തിലായിരിക്കും മാലിന്യ നീക്കം നടത്തുക.

എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രിമാര്‍, മേയര്‍, എംഎല്‍എ, ജില്ലാ കളക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗം ചേരും.

ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ് കണ്‍വീനറായി കോര്‍ കമ്മിറ്റി രൂപീകരിച്ചു.

കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, ഹെല്‍ത്ത് ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ഇറിഗേഷന്‍, കെഎസ്ഇബി വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍, പോലീസ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്.

ബ്രഹ്മപുരം പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കോര്‍ കമ്മിറ്റി അവലോകനം ചെയ്യും. രണ്ടാഴ്ചയ്ക്ക് ശേഷം മോക്ക് ഡ്രില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

മേയര്‍ എം. അനില്‍ കുമാര്‍, പി.വി. ശ്രീനിജിന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷ്, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി വി. ചെല്‍സാസിനി.

ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്,  കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫ്, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ  മുരുകേശന്‍.

വാര്‍ഡ് കൗണ്‍സിലര്‍ ടി.എസ്. നവാസ്, ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. ശങ്കര്‍, റീജിയണല്‍ ഫയര്‍ ഓഫീസര്‍ സുജിത് കുമാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...