എന്താണ് ബുള്ളറ്റ് പ്രൂഫ്?

-റ്റി. എസ്. രാജശ്രീ

ബുള്ളറ്റോ അതുപോലെ അതിവേഗതയില്‍ പാഞ്ഞുവരുന്ന എന്തിനെയെങ്കിലുമോ തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ള വിധം നിര്‍മ്മിക്കുന്ന വസ്തുക്കളാണ് ബുള്ളറ്റ് പ്രൂഫ് വസ്തുക്കള്‍. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. പട്ടാളത്തിലും ഭരണവുമായി ബന്ധപ്പെട്ട മേഖലകളിലുമാണ് ഇവയുടെ ഉപയോഗം.

ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍
ഷോപ്പിംഗ് സെന്‍ററുകള്‍, ചില കെട്ടിടങ്ങള്‍ തുടങ്ങിയവയിലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നു. ബാലിസ്റ്റിക് ഗ്ലാസ്, ട്രാന്‍സ്പരന്‍റ് ഗ്ലാസ്, ബുള്ളറ്റ് റെസിസ്റ്റന്‍റ് ഗ്ലാസ് എന്നീ പേരുകളിലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് അറിയപ്പെടുന്നു.

ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കണ്ടാല്‍ സാധാരണ ഗ്ലാസ് പോലെയേ തോന്നിക്കൂ. സാധാരണ ഗ്ലാസുകള്‍ വെടിയുണ്ട ഏറ്റാല്‍ ചിന്നിച്ചിതറിപ്പോവുകയും വെടിയുണ്ട മറുവശത്തെത്തുകയും ചെയ്യുന്നു. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ വെടിയുണ്ടയെ മറുവശത്തേക്ക് കടത്തിവിടുകയില്ല.

പ്ലാസ്റ്റിക് പോലയുള്ള ചില പദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് ഗ്ലാസിനെ ബുള്ളറ്റ് പ്രൂഫ് ആക്കുന്നത്. സാധാരണ ഗതിയില്‍ പ്ലാസ്റ്റിക് ഒരു ബുള്ളറ്റ് പ്രൂഫ് വസ്തുവല്ല. എന്നാല്‍ ഗ്ലാസ് പാളികള്‍ക്കിടയില്‍ ഇവ ചേര്‍ക്കുമ്പോള്‍ ബുള്ളറ്റിനെ തടുത്തുനിര്‍ത്താനുള്ള ശക്തി ഗ്ലാസിന് ലഭിക്കുന്നു.

പല കനത്തിലുള്ള ഗ്ലാസുകള്‍ക്കിടയില്‍ പോളികാര്‍ബണേറ്റും തെര്‍മോപ്ലാസ്റ്റിക്കും ‘സാന്‍ഡ്വിച്ച്’ പോലെ ചേര്‍ത്തുവെച്ച് ചൂടാക്കിയും തണുപ്പിച്ചും പല രാസപ്രക്രിയകള്‍ക്ക് വിധേയമാക്കുന്നു. അങ്ങനെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് രൂപപ്പെടുന്നു.
ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്‍റെ കനം 70 മുതല്‍ 75 മില്ലീമീറ്റര്‍ വരെയാണ്. കനം കൂടുന്തോറുമാണ് ഗ്ലാസിന്‍റെ മേന്മ കൂടുന്നത്. ഗ്ലാസുകള്‍ ഉപയോഗത്തിനു മുമ്പ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കുന്നു. ഗ്ലാസുകളിലേക്ക് വെടിയുതിര്‍ത്താണ് പരിശോധന നടത്തുന്നത്.

പല ദൂരങ്ങളില്‍ നിന്നും പല വേഗതയിലുള്ള വെടിയുണ്ടകള്‍ പ്രയോഗിച്ച് പരിശോധന പൂര്‍ത്തിയാക്കുന്നു. ടെസ്റ്റുകള്‍ക്കു ശേഷമാണ് വാഹനങ്ങളിലും മറ്റിടങ്ങളിലും ഗ്ലാസുകള്‍ ഘടിപ്പിക്കുന്നത്.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍
രാഷ്ട്രത്തലവന്മാരുടെയും മറ്റും നേര്‍ക്ക് നടക്കുന്ന 80-90 ശതമാനം ആക്രമണങ്ങളും അവര്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴാണ് എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ നിര്‍മ്മിതിക്കും ഉപയോഗത്തിനും പ്രചാരം കൂടിയത്. ഇത്തരം വാഹനങ്ങളുടെ ലോകത്തെ പ്രധാന ഉല്‍പ്പാദകരാണ് ടെക്സാസ് ആര്‍മറിംഗ് കോര്‍പ്പറേഷന്‍.

വാഹനങ്ങള്‍ മാര്‍ക്കറ്റില്‍ ഇറങ്ങിയ ശേഷം അവയെ ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റുന്ന കമ്പനികളുമുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ ആയിരക്കണക്കിന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ലോകത്തെ പല രാജ്യങ്ങള്‍ക്കു വേണ്ടിയും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
വാഹനങ്ങള്‍ ബുള്ളറ്റ് പ്രൂഫ് ആക്കുമ്പോള്‍ അവയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പന മാറ്റേണ്ടതുണ്ട്. സാധാരണ ഗ്ലാസുകള്‍ക്കു പകരം ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിനു പുറമെ ഡോറുകളിലും ടയറുകളിലും വരെ സുരക്ഷാക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ട്.

കാറിന്‍റെ ബോഡി ഡിസൈന്‍ ചെയ്യുമ്പോള്‍ അവയ്ക്കിടയില്‍ സ്പെക്ട്രാ ഷീല്‍ഡ് എന്ന പ്രത്യേകതരം സ്റ്റീല്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നു. ഇവയ്ക്ക് താരതമ്യേന ഭാരം കുറവും വാട്ടര്‍പ്രൂഫുമാണ്. സ്പെക്ട്രാ ഷീല്‍ഡ് ഘടിപ്പിക്കാന്‍ പറ്റാത്ത ഭാഗങ്ങളില്‍ ഹൈ ഹാര്‍ഡന്‍ഡ് ബാലിസ്റ്റിക് സ്റ്റീല്‍ ഉപയോഗിക്കുന്നു. വാഹനങ്ങളിലെ പാനലുകളും പില്ലറുകളും ബുള്ളറ്റ് പ്രൂഫ് ആക്കിമാറ്റുന്നു.
വാഹനത്തിന്‍റെ ഉള്‍ഭാഗത്തെ നിലവും മേല്‍ക്കൂരയും മറ്റും ബുള്ളറ്റ് പ്രൂഫ് നൈലോണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നു. സാധാരണ ടയറുകള്‍ക്ക് വെടിയുണ്ടയെ ചെറുക്കാനുള്ള ശക്തിയില്ല. പോളികാര്‍ബണേറ്റ് അടങ്ങിയ റിംഗുകള്‍ ടയറുകളില്‍ വെച്ച് അവയെ ബുള്ളറ്റ് പ്രൂഫ് ആക്കുന്നു. കാറിന്‍റെ എഞ്ചിനിലും ചാസിസിലും പോലും പല മാറ്റങ്ങളും വരുത്തുന്നു.

ചുരുക്കത്തില്‍ വെടിയുണ്ടയെ മാത്രമല്ല, ചെറിയ സ്ഫോടനത്തെയും ചെറുക്കാവുന്ന വിധത്തില്‍ വാഹനത്തെ മുഴുവനായി ബുള്ളറ്റ് പ്രൂഫ് ആക്കുകയാണ് ചെയ്യുന്നത്.

ചില ബുള്ളറ്റ് പ്രൂഫ് കാറുകളെപ്പറ്റി
മെഴ്സിഡെസ് ബെന്‍സ് എസ് 600 ഗാര്‍ഡ്
ഏകദേശം 90 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ ഈ കാറാണ് ഉപയോഗിക്കുന്നത്. ചെറിയ തരം ബോംബുകളെപ്പോലും ചെറുത്തുനില്‍ക്കാന്‍ കഴിയുമെന്ന് ഉല്‍പ്പാദകര്‍ അവകാശപ്പെടുന്നു.
ഡാര്‍ട്സ് കമ്പാറ്റ് റ്റി 98
ഒരു റഷ്യന്‍ കമ്പനി നിര്‍മ്മിക്കുന്ന ഈ വാഹനം റോക്കറ്റ് ഗ്രെനേഡുകളില്‍ നിന്നുപോലും സുരക്ഷ നല്‍കുന്നതാണത്രേ.
നൈറ്റ് എക്സ് വി
ഇത്തരം കാറുകള്‍ കമ്പനി വര്‍ഷത്തില്‍ 100 എണ്ണമേ നിര്‍മ്മിക്കാറുള്ളൂ.
ജാഗര്‍ എക്സ് ജെ സെന്‍റിനെല്‍
കാണാനും നല്ല ഭംഗിയുള്ള ഈ സുരക്ഷാകാറിന് മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗതയുണ്ട്.
ഗുര്‍കാ എല്‍എപിവി
നാലു ഡോര്‍ കൂടാതെ പിറകിലും ഡോറുണ്ട്. ടാങ്ക് കപ്പാസിറ്റി 151 ലിറ്റര്‍.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...