മോര് സംഭാരമായി കുടിക്കുകയോ ചോറിലൊഴിച്ചു കൂട്ടുകയോ ആണ് ചെയ്യാറുള്ളത്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ പറ്റിയ പ്രകൃതിദത്തമായ ഡ്രിങ്ക് മോരു പോലെ വേറൊന്നില്ല. ഹിന്ദിയില്‍ ചാസ്(ചാച്), തെലുങ്കില്‍ മാജിഗ, കന്നഡയില്‍ മജിഗേഹുളി, ഗുജറാത്തിയില്‍ ചാസ, മറാത്തിയില്‍ താക്, ബംഗാളിയില്‍ ഗോല എന്നൊക്കെയാണ് മോരിന്റെ പേര്.
മോരിന്റെ 90 ശതമാനവും വെള്ളമായതിനാല്‍ മോരു കുടിക്കുന്നതുകൊണ്ട് ശരീരത്തില്‍ വെള്ളത്തിന്റെ അളവ് ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ കഴിയും. മോരില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
ആമാശയത്തിലെയും അന്നനാളത്തിലെയും എണ്ണയും കൊഴുപ്പും കഴുകിക്കളയാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മോരിന് കഴിയും. പാല് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മോരു കുടിച്ചാല്‍ മോരിലൂടെ വേണ്ടത്ര കാല്‍സ്യം ലഭിക്കും. വിറ്റാമിന്‍ ബി, ഡി എന്നിവ മോരിലുണ്ട്.
എരിവും പുളിയും കലര്‍ന്ന ഒരൂണിനു ശേഷം പച്ചമുളക്, ഇഞ്ചി, ജീരകം, കുരുമുളക്, കൊത്തമല്ലിയില, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത ഒരു ഗ്ലാസ് മോരുംവെള്ളം കഴിക്കുന്നത് ഉത്തമം.