ഒരു പൂവന്‍കോഴിയുടെ കൂവല്‍ വളരെ ദൂരത്തേക്ക് കേള്‍ക്കാന്‍ സാധിക്കുമെന്ന കാര്യം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കൂവുന്ന കോഴിയുടെ വളരെ അടുത്തുനിന്നാല്‍ ആ കൂവല്‍ ശബ്ദം നമ്മുടെ കേള്‍വിയെപ്പോലും പ്രതികൂലമായി ബാധിച്ചേക്കാം. പൂവന്‍കോഴിയുടെ തലയില്‍ റെക്കോര്‍ഡര്‍ ഘടിപ്പിച്ച് ഗവേഷകര്‍ കണ്ടെത്തിയത് ഈ കൂവല്‍ശബ്ദത്തിന് 130 ഡെസിബെല്‍ വരെ തീവ്രതയുണ്ടെന്നാണ്. ഇത് അന്തരീക്ഷത്തിലേക്ക് ഉയരാനൊരുങ്ങുന്ന ഒരു ജെറ്റ് വിമാനത്തില്‍ നിന്നും പതിനഞ്ചു മീറ്റര്‍ അകലെ നിന്നുകൊണ്ട് ജെറ്റിന്‍റെ എഞ്ചിന്‍ശബ്ദം കേള്‍ക്കുന്നതിനു തുല്യമാണ്.
ഗവേഷകര്‍ പൂവന്‍കോഴികളുടെ തലയോടിന്‍റെ ത്രീഡി എക്സ്റേ ഇമേജുകള്‍ മൈക്രോ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്കാനിലൂടെ തയ്യാറാക്കി. പൂവന്‍കോഴി കൂവാനായി കൊക്ക് തുറക്കുമ്പോള്‍ അതിന്‍റെ ഇയര്‍ഡ്രമ്മിന്‍റെ അമ്പതുശതമാനത്തോളം മൃദുകോശങ്ങള്‍ കൊണ്ട് മൂടപ്പെടുമെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇക്കാരണം കൊണ്ട് കൂവലിന്‍റെ അതേ ശബ്ദതീവ്രത കോഴിക്ക് സ്വയം കേള്‍ക്കേണ്ടിവരുന്നില്ല.