തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോളീശ്വരക്ഷേത്രം, ദരാശൂരത്തെ ഐരാവതേശ്വരക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങള്‍ ആയിരം കൊല്ലം പഴക്കമുള്ള തമിഴ്നാഗരികതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു.
ഇവ മൂന്നും ചോളശില്‍പ്പചാതുര്യത്തിന്‍റെ പ്രത്യേക ഉദാഹരണങ്ങളാണ്.
മൂന്ന് ക്ഷേത്രങ്ങളും അനശ്വരക്ഷേത്രങ്ങളെന്ന് അറിയപ്പെടുന്നു. 11, 12 നൂറ്റാണ്ടുകളിലാണ് ഇവ പണികഴിപ്പിക്കപ്പെട്ടത്.
ബൃഹദീശ്വരക്ഷേത്രം പെരിയകോവില്‍ എന്നും അറിയപ്പെടുന്നു.
ഇത് രാജരാജചോളനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്.
അതിനാല്‍ ഈ ക്ഷേത്രത്തിനെ രാജരാജേശ്വരക്ഷേത്രം എന്നും വിളിക്കാറുണ്ട്.
പരമശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. 65 മീറ്റര്‍ പൊക്കമുള്ളതാണ് ഇവിടത്തെ താഴികക്കുടം.
വാസ്തുശില്‍പ്പവിദ്യയുടെ അത്ഭുതമായി ഈ ക്ഷേത്രം നിലകൊള്ളുന്നു.
ക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ ചോളകാലഘട്ടത്തിലെ ചിത്രരചനാശൈലിയുടെ മികച്ച ഉദാഹരണങ്ങളാണ്.
ദക്ഷിണേന്ത്യന്‍ക്ഷേത്രശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്‍റെ ശില്‍പ്പി ചോളസദസ്സിലെ സാമവര്‍മ്മനാണെന്ന് കരുതുന്നു.
ക്ഷേത്രത്തിനു ചുറ്റും പതിനഞ്ച് മീറ്റര്‍ പൊക്കമുള്ള മതിലുണ്ട്.
ക്ഷേത്രത്തിനകത്ത് പ്രവേശിച്ച ശേഷം ഇടനാഴിയിലൂടെ നടക്കുമ്പോള്‍ പരമശിവന്‍റെ വാഹനമായ നന്ദിയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു കല്‍പ്രതിമ കാണാവുന്നതാണ്.
ഈ പ്രതിമക്ക് രണ്ട് മീറ്റര്‍ ഉയരവും ആറ് മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയുമുണ്ട്. തൂക്കം ഏതാണ്ട് ഇരുപത് ടണ്‍ വരും.
ക്ഷേത്രത്തിനകത്തെ ചുവരുകളില്‍ പരമശിവന്‍റെ നൂറ്റിയെട്ട് ഭാവങ്ങള്‍ ചിത്രീകരിച്ച ചിത്രങ്ങളുണ്ട്.
കുതിരകള്‍ വലിക്കുന്ന രഥത്തിന്‍റെ ആകൃതിയിലുള്ള ഒരു മണ്ഡപം മുന്‍ഭാഗത്തുണ്ട്.
ഇന്ദ്രന്‍, അഗ്നിദേവന്‍, യമന്‍, വരുണന്‍, വായു, കുബേന്‍ തുടങ്ങിയ പുരാണദേവന്മാരുടെ ആറടി ശില്‍പ്പങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.
തഞ്ചാവൂരിലെ ഗംഗൈകൊണ്ട ചോളീശ്വരക്ഷേത്രം നിര്‍മ്മിച്ചത് രാജേന്ദ്രചോളന്‍ ഒന്നാമനാണ്.
ഇതും ശിവക്ഷേത്രമാണ്. ചോളരാജാക്കന്മാരുടെ സുവര്‍ണകാലഘട്ടത്തിലാണ് ഈ ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടത്.
അര്‍ദ്ധനാരീശ്വരന്‍, നൃത്തമാടുന്ന ഗണപതി, നടരാജന്‍ തുടങ്ങിയ ശില്‍പ്പങ്ങള്‍ കാണേണ്ടതു തന്നെയാണ്.
ദരശൂരത്തെ ഐരാവതേശ്വരക്ഷേത്രം പണികഴിപ്പിച്ചത് രാജചോളന്‍ രണ്ടാമനാണ്.
മനോഹരമായ കരിങ്കല്‍തൂണുകള്‍ ഇവിടെ കാണാന്‍ കഴിയും.
ദേവേന്ദ്രന്‍റെ വാഹനമായ ഐരാവതം എന്ന ആന പൂജിച്ചിരുന്ന ശിവലിംഗമാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം.
വലിപ്പത്തില്‍ മറ്റ് രണ്ട് ക്ഷേത്രങ്ങളേക്കാളും ചെറുതാണ് ഐരാവതേശ്വരമെങ്കിലും ശില്‍പ്പകലയുടെ സൗന്ദര്യം ഇവിടെയും ഒട്ടും കുറവല്ല.
സംഗീതമുതിര്‍ക്കുന്ന മൂന്ന് ചവിട്ടുപടികള്‍ ഇവിടെയുണ്ട്.
1987-ല്‍ തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രത്തെയും 2004-ല്‍ മറ്റ് രണ്ട് ക്ഷേത്രങ്ങളെയും യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.