വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിത ബാധിതരെ സഹായിക്കുന്നതിനായി വലിയ ദൗത്യമാണ് ഏറ്റെടുക്കാനുള്ളതെന്നും വ്യക്തികളുടെ ചെറിയ സംഭാവനകള്‍ പോലും വളരെ പ്രധാനമാണെന്നും മന്ത്രി പി. രാജീവ്. കടവന്ത്ര റീജിയണല്‍ സ്‌പോട്ട്‌സ് സെന്ററില്‍ വയനാട് ദുരിതബാധിതരെ സഹായിക്കാനായി ആരംഭിച്ച കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ വസ്തുക്കള്‍ ആവശ്യത്തിന് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതി. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി ജനങ്ങള്‍ കൈകോര്‍ക്കേണ്ടി വരും. ഒന്‍പത് മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മത ചിന്തകള്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. പ്രധാനമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കമ്പനികളും സ്ഥാപനങ്ങളും അവരുടെ സിഎസ്ആര്‍ ഫണ്ട് ഇത്തരം കാര്യങ്ങള്‍ക്കായി വിനിയോഗിക്കണം. വ്യക്തികള്‍ ചെറിയ സംഭാവനകളാണെങ്കില്‍പ്പോലും വലിയൊരു ദൗത്യം ഏറ്റെടുക്കാനുണ്ട് എന്ന ധാരണയില്‍ സംഭാവന നല്‍കണമെന്നും മന്ത്രി പറഞ്ഞു.
വാഹനങ്ങളില്‍ ആരും ദുരിത മേഖലയിലേക്ക് എത്തേണ്ടതില്ല. അങ്ങനെ ചെയ്യുന്നത് വയനാട് നടക്കുന്ന ജീവന്‍ രക്ഷാ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വലിയ മനുഷ്യത്വമാണ് ദുരന്തഭൂമിയില്‍ കാണുന്നതെന്ന് സെന്റര്‍ സന്ദര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് സഹായം സാധനങ്ങളേക്കാള്‍ പണമായി നല്‍കുകയാണ് വേണ്ടത്. എന്‍ഡിആര്‍എഫ്, ഫയര്‍ ആന്റ് റെസ്‌ക്യൂ തുടങ്ങിയ സേനാവിഭാഗങ്ങളുണ്ടെങ്കിലും ജനങ്ങള്‍ മഴയെയും നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ലോകത്തെവിടെയും ഇത്രയധികം മനുഷ്യര്‍ ഇത്ര നല്ല മനസോടെ ഒരു കാര്യത്തിനായി നില്‍ക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ ജനങ്ങളില്‍ വലിയ അഭിമാനമുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, അന്‍പോട് കൊച്ചി എന്നിവയുടെ സഹകരണത്തോടെയാണ് കളക്ഷന്‍ സെന്റര്‍ തുറന്നത്. ക്യുആര്‍കോഡ്, അക്കൗണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് കൈമാറല്‍ എന്നിവയ്ക്കുള്ള സൗകര്യം കേന്ദ്രത്തിലുണ്ട്. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീരയാണ് സെന്ററിന്റെ നോഡല്‍ ഓഫീസര്‍. സെന്ററിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച (ഓഗസ്റ്റ് 1) അവസാനിക്കും.