ഖാനൂരി അതിർത്തിയിൽ കർഷക സമരത്തിനിടെ മരിച്ച ശുഭ്കരൻ സിങ്ങിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. കൂടാതെ ശുഭ്കരൻ സിങ്ങിൻ്റെ അനുജത്തിക്ക് സർക്കാർ ജോലിയും നൽകുമെന്നും അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരി അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ബതിന്ദ സ്വദേശിയായ 21 കാരനായ യുവ കർഷകൻ കൊല്ലപ്പെട്ടിരുന്നു. 12 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധിച്ച ചില കർഷകർ ബാരിക്കേഡുകൾക്ക് നേരെ പോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
സിംഗിൻ്റെ ബന്ധുക്കൾക്ക് സാമ്പത്തിക നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവവികാസം.
കർഷകൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കേസെടുക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
യുവ കർഷകൻ്റെ മരണത്തിൽ ദു:ഖമുണ്ടെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി, ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസ്താവിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഭഗവന്ത് മാൻ പറഞ്ഞു.
ബുധനാഴ്ച സംയുക്ത കിസാൻ മോർച്ചയുടെയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയുടെയും (കെഎംഎം) നേതൃത്വത്തിൽ കർഷക നേതാക്കൾ ഡൽഹി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. തങ്ങളുടെ അടുത്ത നടപടി വെള്ളിയാഴ്ച തീരുമാനിക്കുമെന്ന് അറിയിച്ചു.
ഫെബ്രുവരി 13-ന് ഡൽഹി ചലോ മാർച്ച് ആരംഭിച്ച കർഷകർ ട്രാക്ടർ ട്രോളികളും ട്രക്കുകളുമായി ഖനൗരിയിലും ശംഭുവിലും ക്യാമ്പ് ചെയ്തു.
വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത്, 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി എന്നിവ കർഷകർ ആവശ്യപ്പെടുന്നു.