തങ്ങളുടെ നാല് പ്രധാന ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് “നിസാര കാരണത്താൽ” മരവിപ്പിച്ചതായി കോൺഗ്രസ് പാർട്ടി ആരോപിച്ചു.
“ഇന്ത്യയിൽ ജനാധിപത്യം പൂർണ്ണമായും അവസാനിച്ചു. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു,” കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി നൽകുന്ന ചെക്കുകൾ ബാങ്കുകൾ എടുക്കുന്നില്ലെന്ന് വ്യാഴാഴ്ച പാർട്ടിയെ അറിയിച്ചതായി മാക്കൻ പറഞ്ഞു. “കൂടുതൽ അന്വേഷണത്തിൽ യൂത്ത് കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകളും പിടിച്ചെടുത്തിട്ടുണ്ട്,” മാക്കൻ പറഞ്ഞു. “യൂത്ത് കോൺഗ്രസിൽ നിന്നും കോൺഗ്രസിൽ നിന്നും 210 കോടി രൂപ തിരിച്ചുപിടിക്കാൻ ആദായനികുതി ആവശ്യപ്പെട്ടു. ഞങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിംഗ് പണം മരവിപ്പിച്ചു. തെരഞ്ഞെടുപ്പിന് 2 ആഴ്ച മുമ്പ് പ്രതിപക്ഷത്തിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ അത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണ്.”
പാർട്ടിക്ക് ഇപ്പോൾ ചെലവഴിക്കാനോ ബില്ലുകൾ തീർക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകാനോ ഫണ്ട് ഇല്ലെന്നും മാക്കൻ കൂട്ടിച്ചേർത്തു.
“ഇപ്പോൾ ഞങ്ങൾക്ക് ചെലവഴിക്കാനും വൈദ്യുതി ബില്ലുകൾ അടയ്ക്കാനും ഞങ്ങളുടെ ജീവനക്കാർക്ക് ശമ്പളം നൽകാനും പണമില്ല. എല്ലാം ബാധിക്കും, ന്യായ യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ബാധിക്കും.” അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നീക്കം ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ആഴത്തിലുള്ള കടന്നാക്രമണമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. “ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ് അധികാര ലഹരിയിൽ മുങ്ങിയ മോദി സർക്കാർ,” ഖാർഗെ എക്‌സിൽ എഴുതി. ബിജെപി പിരിച്ചെടുത്ത ഭരണഘടനാ വിരുദ്ധമായ പണം അവർ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുമെന്നും എന്നാൽ ക്രൗഡ് ഫണ്ടിംഗിലൂടെ കോൺഗ്രസ് പിരിച്ചെടുത്ത പണം പിടിച്ചെടുത്തെന്നും ഖാർഗെ ആരോപിച്ചു.
“അതുകൊണ്ടാണ്, ഭാവിയിൽ ഒരു തിരഞ്ഞെടുപ്പും ഉണ്ടാകില്ലെന്ന് ഞാൻ പറഞ്ഞത്. ഈ രാജ്യത്തെ ബഹുകക്ഷി സംവിധാനത്തെ സംരക്ഷിക്കാനും ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനും ഞങ്ങൾ ജുഡീഷ്യറിയോട് അഭ്യർത്ഥിക്കുന്നു,”അദ്ദേഹം പറഞ്ഞു. “ഈ സ്വേച്ഛാധിപത്യത്തിനെതിരെ ഞങ്ങൾ തെരുവിലിറങ്ങി ശക്തമായി പോരാടും!”