തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് തടഞ്ഞ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ ചില വിവരങ്ങൾ ഹാജരാക്കാൻ പഞ്ചാബ്-ഹരിയാന കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഹരിയാന തിരഞ്ഞെടുപ്പിലെ, ഒരു പോളിങ് സ്റ്റേഷനിൽ നടന്ന വോട്ടെടുപ്പിന്റെ വീഡിയോ, സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളും പോളിങ് സംബന്ധിച്ച രേഖകളും ഹാജരാക്കാൻ ആയിരുന്നു ഹൈക്കോടതി നിർദേശം.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 1961-ലെ റൂൾ 93(2)(എ)- ആണ് കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാൻ പറ്റുന്നതായിരിക്കണം എന്നാണ് ഈ ചട്ടത്തിൽ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിയാലോചിച്ച ശേഷമാണ് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.ഇതോടെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങൾക്ക് പരിശോധിക്കാം എന്ന സാഹചര്യത്തിൽ മാറ്റം വന്നു. പൊതുജനങ്ങൾക്ക് ലഭ്യമാക്കാമെന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കുന്ന രേഖകൾ മാത്രമേ ഇനി ജനങ്ങൾക്ക് പരിശോധിക്കാൻ സാധിക്കുള്ളു. പുതിയ ഭേദഗതി പ്രകാരം, എല്ലാ രേഖകളും ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് കോടതികൾക്കും ഇനി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കാൻ സാധിക്കില്ല